ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവം; സംഘാടകർ സ്റ്റേജ് നിര്‍മിച്ചത് അനുമതിയില്ലാതെ: ജിസിഡിഎ
Tuesday, December 31, 2024 1:10 AM IST
കൊച്ചി: ഉമ തോമസ് എംഎല്‍എയ്ക്ക് കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍നിന്നു വീണ് പരിക്കേറ്റ സംഭവത്തില്‍ പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ അനുമതിയില്ലാതെയാണു താത്കാലിക സ്റ്റേജ് നിര്‍മിച്ചതെന്ന് ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അഥോറിറ്റി (ജിസിഡിഎ).
സ്വകാര്യ പരിപാടിയായതിനാല്‍ ആവശ്യമായ അനുമതികള്‍ ലഭ്യമാക്കുന്നതിലും വിഐപികള്ക്കുള്പ്പെടെ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിലും സംഘാടകരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘാടകരായ മൃദംഗ വിഷന്‍ അടിയന്തരമായി വിശദീകരണം നല്കാന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ജിസിഡിഎ അറിയിച്ചു.
കലൂര്‍ സ്റ്റേഡിയത്തിന്റെ സ്ഥിര നിര്‍മിതികള്‍ക്ക് ആവശ്യമായ സ്ട്രക്ചറല്‍ സ്റ്റെബിലിറ്റി അടക്കമുള്ള അനുമതികള്‍ ജിസിഡിഎ ഉറപ്പുവരുത്തിയിട്ടുണ്ട്. 29ന് മാത്രമേ സ്റ്റേഡിയം അലോട്ട് ചെയ്തിട്ടുള്ളൂവെന്നതിനാല് പരിപാടി തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പാണ് രണ്ടു തട്ടുകളായി താത്കാലിക സ്റ്റേജ് സംഘാടകര്‍ നിര്‍മിച്ചത്.
പരിപാടി നടത്തുന്നതിന് ആവശ്യമായ എല്ലാ അനുമതികളും ബന്ധപ്പെട്ട വകുപ്പുകളില്‍നിന്നു ലഭ്യമാക്കേണ്ടതും ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കേണ്ടതും സംഘാടകരുടെ മാത്രം ഉത്തരവാദിത്വമാണെന്നും സ്റ്റേഡിയം അനുവദിച്ചതുമായി ബന്ധപ്പെട്ട നിബന്ധനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഭാവിയില്‍ സ്റ്റേഡിയം ഇത്തരം പരിപാടികള്‍ക്കായി വിട്ടുകൊടുക്കുമ്പോള്‍ ജിസിഡിഎയുടെ ഭാഗത്തുനിന്ന് സുരക്ഷാപ്രോട്ടോകോള്‍ കര്‍ശനമായി നടപ്പാക്കും. ഇതിന് പോലീസ്, കൊച്ചി കോർപറേഷൻ, അഗ്നിരക്ഷാ വിഭാഗം, ദുരന്തനിവാരണ അഥോറിറ്റി, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എന്നീ ഏജന്‍സികളുടെ ഏകോപനവും സേവനവും ഉറപ്പുവരുത്തുമെന്നും ജിസിഡിഎ അറിയിച്ചു.
സമഗ്ര അന്വേഷണം നടത്തും
കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍നിന്നു വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ ജിസിഡിഎ സമഗ്ര അന്വേഷണം നടത്തുമെന്ന് ചെയര്മാന് കെ.ചന്ദ്രന്‍പിള്ള. അഞ്ചു മിനിറ്റ് ചടങ്ങിനുവേണ്ടിയാണ് ആ പ്ലാറ്റ് ഫോം ഉണ്ടാക്കിയത്.
ബാരിക്കേഡ് ഉണ്ടായിരുന്നില്ല. അതാണ് അപകടകാരണം. സ്റ്റേഡിയത്തില്‍ സുരക്ഷാപ്രശ്നങ്ങള്‍ ഇല്ല. അപകടത്തിന്റെ ഉത്തരവാദിത്വം സംഘാടകര്‍ക്കാണ്. എല്ലാ മുന്‍കരുതലും എടുക്കണമെന്ന് രേഖാമൂലം കരാര്‍ ഉണ്ടാക്കിയിരുന്നുവെന്നും ജിസിഡിഎ ചെയര്മാന് പറഞ്ഞു.
പ്രധാന അതിഥികള്‍ക്ക് ഇരിക്കാനും മ്യൂസിക് ബാന്‍ഡിനുമായി രണ്ട് സ്റ്റേജുകളാണ് പരിപാടിക്കായി നിര്‍മിച്ചത്. രണ്ടര മീറ്റര്‍ മാത്രം വീതിയുള്ള സ്റ്റേജിലാണു മന്ത്രിയുള്പ്പെടെയുള്ളവര്ക്കായി ഇരിപ്പിടം ഒരുക്കിയത്. നടക്കാനായി രണ്ടിഞ്ചു സ്ഥലം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതിലൂടെ നടക്കുന്പോഴായിരുന്നു എംഎല്‍എ കാല് വഴുതി താഴേക്കു വീണത്.
പിരിച്ചത് കോടികൾ
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യമിട്ടു ഞായറാഴ്ച നടത്തിയ മെഗാ നൃത്ത പരിപാടി ‘മൃദംഗനാദ’ത്തില്‍ പങ്കെടുത്തവരില്‍നിന്നു സംഘാടകര്‍ പിരിച്ചെടുത്തത് കോടികളെന്ന് ആക്ഷേപം.
3500 മുതല്‍ 6,000 രൂപവരെ പങ്കെടുക്കാനെത്തിയവരില്നിന്ന് സംഘാടകര്‍ പിരിച്ചെടുത്തതായി പറയപ്പെടുന്നു. ആദ്യം ആരോപണവുമായി എത്തിയത് ഇടുക്കി സ്വദേശിനിയായ നര്‍ത്തകിയാണ്. ഇവരില്‍നിന്ന് 5,100 രൂപ സംഘാടകര്‍ വാങ്ങിയതായി പറയുന്നു.
രജിസ്ട്രേഷന് ഫീസായി 3500 രൂപയും വസ്ത്രത്തിന് 1600 രൂപയും നല്കി. പട്ടുസാരി നല്‍കുമെന്നാണ് പറഞ്ഞതെങ്കിലും കിട്ടിയതു സാധാരണ കോട്ടണ്‍ സാരിയാണ്. ഭക്ഷണം, താമസം, മേയ്ക്കപ്പ് എല്ലാം സ്വന്തം കൈയില്‍നിന്നു പണമെടുത്താണ് ചെയ്തത്.
ഗിന്നസ് റിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണു പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ സംഘാടനത്തില്‍ പിഴവ് ബോധ്യപ്പെട്ടത് ഉമ തോമസിന് പരിക്കേറ്റപ്പോഴാണെന്നും നര്‍ത്തകി പറഞ്ഞു.
കൂടുതല്‍ നര്‍ത്തകരെ പങ്കെടുപ്പിക്കുന്ന നൃത്താധ്യാപകര്‍ക്ക് സ്വർണനാണയം വാഗ്ദാനം ചെയ്തിരുന്നുവെന്നും നര്‍ത്തകി ആരോപിച്ചു. നൃത്താധ്യാപകര് കുട്ടികളെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ എത്തിച്ചത് ഇങ്ങനെയാണെന്നും അവര്‍ പറഞ്ഞു.