കേരളത്തിലെ ആദ്യ വനിത ആംബുലന്‍സ് ഡ്രൈവര്‍ സിസ്റ്റര്‍ ഫ്രാന്‍സിസ് ഡിഎസ്എസ് അന്തരിച്ചു
Tuesday, December 31, 2024 1:10 AM IST
തളിപ്പറമ്പ്: കേരളത്തിലെ ആദ്യ വനിത ആംബുലന്‍സ് ഡ്രൈവറും ഹെവി ഡ്രൈവിംഗ് ലൈസന്‍സ് നേടിയ ആദ്യ മലയാളി വനിതയുമായ പട്ടുവം ദീനസേവന സഭയുടെ അമല പ്രോവിന്‍സ് അംഗം സിസ്റ്റര്‍ ഫ്രാന്‍സിസ് ഡിഎസ്എസ് (74) അന്തരിച്ചു. സംസ്കാരം പട്ടുവം സ്നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ കണ്ണൂര്‍ രൂപത സഹായ മെത്രാന് ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തി.
1976ല്‍ കോഴിക്കോട്ടുനിന്ന് ഹെവി ഡ്രൈവിംഗ് ടെസ്റ്റ് പാസായാണ് ചരിത്രത്തില്‍ ഇടംനേടിയത്. ദീനസേവനസഭയുടെ അനാഥാലയത്തിലെ അസുഖബാധിതരായ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ആംബുലന്‍സ് ഓടിക്കുന്നതിനാണ് സിസ്റ്റര്‍ ഹെവി ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കുന്നത്.
കാസര്‍ഗോഡ് കോളിച്ചാല്‍ പതിനെട്ടാം മൈലിലെ പരേതരായ അയലാറ്റില്‍ മത്തായി-അന്നമ്മ ദമ്പതികളുടെ 11 മക്കളില്‍ രണ്ടാമത്തെ മകളാണ്. പട്ടുവം, മാടായി, കാരക്കുണ്ട്, ആന്ധ്രാപ്രദേശ്, മേപ്പാടി, ബത്തേരി, മൂലംകര, കോഴിക്കോട്, മുതലപ്പാറ, മരിയപുരം, തിരുവനന്തപുരം, കൊടുമണ്‍, അരിപ്പാമ്പ്ര, കളമശേരി, കാരാപറമ്പ്, കോളിത്തട്ട് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: എ.എം. ജോണ്‍ (റിട്ട. പ്രഫസര്‍, കാസര്‍ഗോഡ് ഗവ. കോളജ്), ലീലാമ്മ വാരണാക്കുഴിയില്‍ (മാലക്കല്ല്), സിസ്റ്റര്‍ ഫ്രാന്‍സിന് വിസി (പയ്യാവൂര്‍), ത്രേസ്യാമ്മ നൂറ്റിയാനിക്കുന്നേല്‍ (മാലക്കല്ല്), ബേബി, സണ്ണി (ഇരുവരും കോളിച്ചാല്‍), സിസിലി കക്കാടിയില്‍ പയ്യാവൂര്‍ (അധ്യാപിക, കാസര്‍ഗോഡ് വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയം), സാലു (അധ്യാപകന്, രാജപുരം ഹോളിഫാമിലി എച്ച്എസ്എസ്), സിസ്റ്റര്‍ ജെസ്വിന് വിസി (കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്റര്‍), പരേതനായ കുര്യാക്കോസ്.