മലക്കപ്പാറയിൽ വീണ്ടും കബാലി ഇറങ്ങി
Tuesday, December 31, 2024 1:10 AM IST
അതിരപ്പിള്ളി: മലക്കപ്പാറ റോഡിൽ വാഹനങ്ങൾ തടഞ്ഞ് ഒറ്റയാൻ കബാലി. ഒരു ഇടവേളയ്ക്കുശേഷമാണ് കബാലി തിരിച്ചെത്തിയത്. മുന്പ് ഒറ്റയാൻ കാടുകയറിപ്പോയിരുന്നു.
കഴിഞ്ഞദിവസം രാവിലെ 11നു ഷോളയാർ പവർ ഹൗസിനും വാൽവ് ഹൗസിനും ഇടയിൽവച്ചാണ് ചാലക്കുടിയിൽനിന്നു മലക്കപ്പാറയിലേക്കു പോയിരുന്ന വാഹനങ്ങൾക്കുമുന്നിൽ കബാലി നിലയുറപ്പിച്ചത്. റോഡരികിൽനിന്ന് പന മറിച്ചിട്ടു തിന്നുകയായിരുന്ന കബാലി പെട്ടെന്നു റോഡിലേക്കിറങ്ങുകയായിരുന്നു.
അപ്രതീക്ഷിതമായി റോഡിലേക്കിറങ്ങിയ കാട്ടാനയ്ക്കുമുന്നിൽ ചെറുവാഹനങ്ങളും കെഎസ്ആർടിസിയുടെ ഉല്ലാസയാത്രാ ബസും ഉൾപ്പെടെ കുടുങ്ങി. എന്നാൽ ആന ആക്രമണസ്വഭാവം കാണിക്കാതെ റോഡിൽ നിലയുറപ്പിച്ചു. ചെറുവാഹനങ്ങൾ പെട്ടെന്ന് എടുത്തുപോയതിനാൽ അപകടമൊന്നുമുണ്ടായില്ല. തുടർന്നു ബസിനുനേരേ ആന വന്നെങ്കിലും പിന്തിരിഞ്ഞുപോകുകയായിരുന്നു.
വീണ്ടും ഒരു മണിക്കൂറോളം വഴിതടഞ്ഞ് റോഡിൽ നിന്ന കബാലിയെ വാനപാലകരെത്തി റോഡിൽനിന്നു മാറ്റിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മൂന്നു കടകൾ കാട്ടാനകൾ തകർത്തു
മുടീസിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം മൂന്നു കടകൾ തകർത്തു. രണ്ടു കടകളുടെ ഷട്ടർ അടക്കം കട പൂർണമായും തകർത്തു. ഇന്നലെ പുലർച്ചെയാണ് കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ എത്തിയത്.
സമീപത്തെ ചെക്ക് പോസ്റ്റിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് കാട്ടാനകളെ തുരത്തിയത് . കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷമാണ് വാൽപ്പാറ ജനവാസമേഖലയിൽ കാട്ടാനയിറങ്ങുന്നത്. ഒന്നരമാസംമുൻപ് കാട്ടാന ഇറങ്ങി ഒരാളെ കൊലപ്പെടുത്തിയിരുന്നു. കാട്ടാനക്കൂട്ടം ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്.