നെല്ലുത്പാദക ഉത്തേജക പദ്ധതി നടപ്പാക്കണം: ജോസ് കെ. മാണി
Tuesday, December 31, 2024 1:09 AM IST
കോട്ടയം: കാര്‍ഷികാഭിവൃദ്ധി ഫണ്ടില്‍ നിലവിലുള്ള നിക്ഷേപത്തുക ഉപയോഗിച്ച് നെല്ലുത്പാദനം വര്‍ധിപ്പിക്കുവാനും നെല്‍ കര്‍ഷകരെ സഹായിക്കുന്നതിനുമായി നെല്ലുത്പാദക ഉത്തേജക പദ്ധതി സംസ്ഥാനത്ത് ഉടന്‍ നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി.
സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയ റബര്‍ ഉത്പാദക ഉത്തേജക പദ്ധതി മാതൃകയില്‍ നെല്ലുത്പാദക ഉത്തേജക പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കും.
കാര്‍ഷികാഭിവൃദ്ധി ഫണ്ടില്‍ ഇപ്പോള്‍ എത്തിയിട്ടുള്ള 1512.15 കോടി രൂപ ഉപയോഗിച്ചാവണം ഈ പദ്ധതി നടപ്പിലാക്കേണ്ടത്. ഉയര്‍ന്ന ഉത്പാദന ചെലവും കുറഞ്ഞ വരുമാനവും കാരണം നട്ടംതിരിയുന്ന നെല്‍ കര്‍ഷകരെ സഹായിക്കുന്നതിനും സംസ്ഥാനത്തെ നെല്ലുത്പാദനത്തില്‍ വലിയ വര്‍ധന ഉണ്ടാക്കുന്നതിനും ഇതുമൂലം സാധിക്കും.
2008 ലെ നെല്‍വയല്‍ തണ്ണീര്‍തട ചട്ടങ്ങളിലെ 14-ാം വകുപ്പ്പ്രകാരം നെല്‍വയല്‍ തണ്ണീര്‍തട നികത്തല്‍ ഫീസായി കാര്‍ഷികാഭിവൃദ്ധി ഫണ്ടില്‍ വരുന്ന പണത്തിന്റെ 90% വും കാലാകാലങ്ങളില്‍ നെല്ല് ഉത്പാദക ഇന്‍സെന്റീവ് നല്‍കുന്നതിനായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.