രാജു ഏബ്രഹാം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി
Tuesday, December 31, 2024 1:09 AM IST
പത്തനംതിട്ട: മുൻ എംഎൽഎയും സംസ്ഥാന സമിതിയംഗവുമായ രാജു ഏബ്രഹാം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു മൂന്നു ടേം പൂർത്തിയായതിനേ തുടർന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
കാൽനൂറ്റാണ്ട് റാന്നി എംഎൽഎ ആയിരുന്ന രാജു ഏബ്രഹാം കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്താണ് തെരഞ്ഞെടുപ്പു രംഗം വിട്ടത്. തുടർന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായി പ്രവർത്തിച്ചുവരികയായിരുന്നു.
34 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. ഇതിൽ ആറ് പുതുമുഖങ്ങൾ ഇടംനേടി. പ്രായപരിധിയുടെ പേരിൽ മുൻ എംഎൽഎ കെ.സി. രാജഗോപാലും കെഎസ്എഫ്ഇ ചെയർമാൻ പീലിപ്പോസ് തോമസും ഉൾപ്പെടെയുള്ളവരെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.