മുനമ്പം: മനുഷ്യച്ചങ്ങല അഞ്ചിന്
Tuesday, December 31, 2024 1:09 AM IST
വൈപ്പിൻ : ഭൂമിയുടെ റവന്യു അവകാശങ്ങൾക്കായി സമരം നടത്തിവരുന്ന മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനുവരി അഞ്ചിന് വൈപ്പിൻ സംസ്ഥാന പാതയിൽ മനുഷ്യച്ചങ്ങല തീർക്കും.
വൈപ്പിൻ ബേസിക് ക്രിസ്ത്യൻ കമ്യൂണിറ്റി (ബിസിസി) യുടെ നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഫോർട്ട് വൈപ്പിൻ മുതൽ മുനമ്പം സമരപ്പന്തൽവരെ 25 കിലോമീറ്റർ ദൈർഘ്യത്തിലാണ് മനുഷ്യച്ചങ്ങല തീർക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
വൈകുന്നേരം നാലിന് ആരംഭിക്കുന്ന മനുഷ്യച്ചങ്ങല ഫോർട്ട് വൈപ്പിനിൽ വരാപ്പുഴ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കലും മുനമ്പം സമരപ്പന്തലിൽ കോട്ടപ്പുറം മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിലും ഒരേസമയം ഉദ്ഘാടനം ചെയ്യും. വരാപ്പുഴ, കോട്ടപ്പുറം എറണാകുളം- അങ്കമാലി, കൊച്ചി രൂപതകളുടെ കീഴിലുള്ള വൈപ്പിൻ കരയിലെ ഇടവകകളിൽനിന്നായി കാൽ ലക്ഷം പേർ പങ്കെടുക്കും.
മനുഷ്യച്ചങ്ങല കമ്മിറ്റി ചെയർമാനും ഫൊറോന വികാരിയുമായ ഫാ. പോൾ തുണ്ടിയിൽ, ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ ഓളിപ്പറമ്പിൽ, മുനമ്പം സമരസമിതി കൺവീനർ ജോസഫ് ബെന്നി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മനുഷ്യച്ചങ്ങലയുടെ സ്റ്റിയറിംഗ് കമ്മിറ്റി മോൺ. റോക്കി റോബിന്റെ അധ്യക്ഷതയിൽ പറവൂർ ഡോൺ ബോസ്കോ നഴ്സിംഗ് സ്കൂളിൽ ചേർന്നു.