ശബരിമല നട തുറന്നു
Tuesday, December 31, 2024 1:09 AM IST
ശബരിമല: മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട തുറന്നു.
ഇന്നലെ വൈകുന്നേരം ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി നടതുറന്നു.
മാളികപ്പുറത്ത് മേൽശാന്തി ടി. വാസുദേവൻ നമ്പൂതിരി നട തുറന്നു. മേൽശാന്തി അരുൺകുമാർ നമ്പൂതിരി ആഴിയിൽ അഗ്നി പകർന്നതിന് ശേഷം അയ്യപ്പഭക്തർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി. ഉച്ചകഴിഞ്ഞതു മുതൽ അയ്യപ്പഭക്തർ പന്പയിൽനിന്നു സന്നിധാനത്തേക്ക് ദർശനത്തിനായി എത്തിത്തുടങ്ങിയിരുന്നു.
നട തുറക്കുന്പോൾ ശബരിമല എക്സിക്യൂട്ടിവ് ഓഫീസർ ബി. മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി. നാഥ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19 വരെ തീർഥാടകർക്ക് ദർശനം സാധ്യമാകും. 20ന് രാവിലെ നട അടയ്ക്കും.