പുതുവത്സര ആശംസകൾ ക്ലിക്ക് ചെയ്യുന്നവർ ജാഗ്രതൈ
Tuesday, December 31, 2024 1:09 AM IST
കൊല്ലം: വാട്സ് ആപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ വരുന്ന പുതുവത്സര ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി നാഷണൽ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ. ഈ വർഷത്തെ ഒടുവിലത്തെ സൈബർ തട്ടിപ്പുമായി കുറ്റവാളികൾ സജീവമായി രംഗത്തുണ്ട് എന്നാണ് അവർ നൽകുന്ന ജാഗ്രതാ നിർദേശം.
ഇനിയുള്ള ദിവസങ്ങളിൽ തട്ടിപ്പുകാർ നിങ്ങളുടെ വാട്സ് ആപ്പിലേക്ക് നിരന്തരം പലതരത്തിലുമുള്ള പുതുവത്സര ആശംസകൾ അയച്ചുകൊണ്ടിരിക്കും. അതിൽ ഒരു പുതിയ എപികെ ഫയൽ മാൽവെയറിലേക്കുള്ള ലിങ്ക് അടങ്ങിയിരിക്കാം.
നിങ്ങൾക്ക് സ്വന്തം പേരിൽ അടുത്ത സുഹൃത്തുക്കൾക്ക് വ്യക്തിപരമായും വാട്സ് ആപ്പ് ഗ്രൂപ്പുകളിലും പുതുവത്സരാശംസകൾ അയയ്ക്കാം എന്നായിരിക്കും തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുക.
നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ, കാർഡ് ലഭിക്കാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക എന്നും അറിയിക്കും. അത്തരമൊരു ലിങ്ക് ലഭിച്ചാൽ അതിൽ ക്ലിക്ക് ചെയ്യരുതെന്നാണ് മുന്നറിയിപ്പ് നൽകിട്ടുള്ളത്. സൈബർ കുറ്റവാളികൾ ഫോൺ ഹാക്ക് ചെയ്യുകയും ആക്സസ് അവരിലേക്ക് പോകുകയും ചെയ്യും.
മൊബൈൽ ഡേറ്റ, ഗാലറി, കോൺടാക്റ്റ് നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ മോഷ്ടിക്കപ്പെടും. തുടർന്ന് തട്ടിപ്പിൽ കുടുങ്ങാനും സാധ്യതയുണ്ട്. അതിനാൽ ഹാപ്പി ന്യൂ ഇയർ റെഡിമെയ്ഡ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.
ഡൽഹി, മുംബൈ, ഹൈദരാബാദ്, മംഗളൂരു എന്നിവിടങ്ങളിലെ പോലീസും ഇത്തരത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എന്തെങ്കിലും തട്ടിപ്പിന് ഇരയായായാൽ ഉടൻ 1930 എന്ന ടോൾഫ്രീ നമ്പരിൽ അടിയന്തരമായി ബന്ധപ്പെടണം.