വീട്ടമ്മയെ കഴുത്തറത്ത് കൊന്നു, സഹോദരീഭർത്താവ് പിടിയിൽ
Tuesday, December 31, 2024 1:09 AM IST
കുന്നംകുളം: വീട്ടമ്മയെ വീടിനുള്ളിൽ കഴുത്തറത്തുകൊന്ന നിലയിൽ കണ്ടെത്തി. ആർത്താറ്റ് താമസിക്കുന്ന കിഴക്കുമുറി നാടൻചേരി വീട്ടിൽ മണികണ്ഠന്റെ ഭാര്യ സിന്ധു(55)വാണ് കൊല്ലപ്പെട്ടത്.
കേസിൽ സിന്ധുവിന്റെ അനുജത്തിയുടെ ഭർത്താവ് മുതുവറ സ്വദേശി കണ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ കൈയിൽനിന്ന് സിന്ധുവിന്റെ ആഭരണങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
ഇന്നലെ രാത്രി ഏഴുമണിക്കുശേഷമാണ് സംഭവം. ഏഴുമണിയോടെ സിന്ധുവിന്റെ ഭർത്താവ് മണികണ്ഠൻ വീട്ടുസാധനങ്ങൾ വാങ്ങാൻ പുറത്തുപോയിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സന്ധ്യയുടെ വീടിനകത്തുനിന്ന് കരച്ചിൽ കേട്ടിരുന്നതായി സമീപവാസികൾ പോലീസിനോടു പറഞ്ഞു. തുടർന്ന് അവർ വന്നുനോക്കിയപ്പോൾ ഒരാളെ കണ്ടു. സിന്ധുവിനെ ചോദിച്ചപ്പോൾ സിന്ധു അകത്തുണ്ടെന്ന് ഇയാൾ മറുപടിപറഞ്ഞു. വാതിൽ ഉള്ളിൽനിന്നു ലോക്ക് ചെയ്ത ഇയാൾ പിറകുവശത്തെ വാതിൽവഴി പാടത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു.
മണികണ്ഠൻ തിരിച്ചുവന്നപ്പോഴാണ് ഭാര്യയെ കഴുത്തറത്തനിലയിൽ കണ്ടത്. സിന്ധു ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ മുഴുവൻ നഷ്ടപ്പെട്ടിരുന്നു. കഴുത്തിൽ മാല, രണ്ടു കൈകളിലും വളകൾ എന്നിവ ഉണ്ടായിരുന്നു. ഇവയെല്ലാം കവർച്ച ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ മോഷണത്തിനുവേണ്ടിയാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്.