അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ല: വെള്ളാപ്പള്ളി
Sunday, October 6, 2024 2:13 AM IST
കൊല്ലം: എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റൊന്നുമില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ഇന്ത്യ ഭരിക്കുന്ന പ്രമുഖ കക്ഷിയുടെ പോഷക സംഘടനാ നേതാക്കളെ അദ്ദേഹം സന്ദർശിച്ചത് മഹാപാപമായി കരുതുന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. കൊല്ലത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഡിജിപിയുടെ റിപ്പോർട്ട് എഡിജിപിക്ക് എതിരാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ എഡിജിപിയെ സംരക്ഷിക്കുമെന്ന് കരുതുന്നില്ല.
എഡിജിപിക്ക് എതിരേ ഉചിതമായ സമയത്ത് മുഖ്യമന്ത്രി നടപടി എടുക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.പി.വി.അൻവർ ഇപ്പോൾ നടത്തുന്ന വിമർശനം നേരത്തേ കേട്ടിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.