എംടിയുടെ വീട്ടില്‍ മോഷണം
Sunday, October 6, 2024 2:13 AM IST
കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ വീടിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവന് വരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സെപ്റ്റംബര്‍ 22നും 30നും ഇടയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്.
വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ മോഷണം പോയതായി തിരിച്ചറിയുന്നത്. സ്ഥലം മാറിവച്ചതാകാമെന്നു കരുതിയാണ് കേസ് നല്കാന് വൈകിയത്. തുടര്‍ന്ന് ആഭരണം വീട്ടിലില്ലെന്ന് ഉറപ്പായതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മൂന്നു പവന്റെ ഒരു വള, മൂന്നു മാലകള്‍, രണ്ടു ജോഡി കമ്മല്‍, ഡയമണ്ട് പതിച്ച കമ്മലും ലോക്കറ്റും, മരതകം പതിച്ച ഒരു ലോക്കറ്റ് എന്നിവയാണ് മോഷണം പോയത്. 15 ലക്ഷം രൂപയുടെ ആഭരണം നഷ്ടമായതായി കണക്കാക്കുന്നു. ബാങ്ക് ലോക്കര്‍ മാറ്റുന്നതിനായി വീട്ടില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്.
ഇന്നലെ നടക്കാവ് പോലീസിന്റെ നേതൃത്വത്തിലുള്ള ഡോഗ് സ്കോഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പുറത്തുനിന്നും ഒരാള്‍ എത്തി മോഷണം നടത്തിയ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്ന് പോലീസ് പറയുന്നു. അലമാരയുടെ സമീപത്തു തന്ന ഉണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് സ്വര്‍ണം മോഷ്ടിച്ചിരിക്കുന്നതെന്നാണ് സൂചന.
വീടുമായി അടുത്ത പരിചയമുള്ള ആളാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ഉത്തരേമഖലാ ഐജി സേതുരാമന്, നടക്കാവ് എസി അഷ്റഫ് ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.