പ്രായപരിധി നിബന്ധനയ്ക്കെതിരേ ജി. സുധാകരന്
Sunday, October 6, 2024 2:13 AM IST
കൊല്ലം: സിപിഎമ്മിലെ പ്രായപരിധി നിബന്ധനയ്ക്കെതിരേ വിമര്‍ശനവുമായി മുതിര്‍ന്ന പാർട്ടി നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരന്.
പ്രായക്കൂടുതലായതുകൊണ്ട് സ്ഥാനത്തിരിക്കാന്‍ പാടില്ലെന്ന് പറയുന്നത് പാര്‍ട്ടിക്ക് ഗുണകരമാണോയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിയുടെ മാനിഫെസ്റ്റോയില്‍ പോലും പറയാത്ത കാര്യമാണ് രാഷട്രീയത്തിലെ റിട്ടയര്‍മെന്റ്.
പ്രത്യേക സാഹചര്യത്തിലാണ് ഈ നിബന്ധന കൊണ്ടുവന്നത്. എല്ലാവരും അംഗീകരിക്കുകയായിരുന്നു. ചട്ടം കൊണ്ടുവന്നിട്ട് മൂന്ന് വര്‍ഷമേ ആയുള്ളൂ. ചട്ടം കൊണ്ടു വന്നവര്‍ക്ക് അത് മാറ്റിക്കൂടേ, ചട്ടം എന്നുപറയുന്നത് ഇരുമ്പുലക്കയൊന്നുമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍, ചിലര്‍ക്കുവേണ്ടി അത് മാറ്റപ്പെടുന്നുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് 75 വയസ് കഴിഞ്ഞു. പക്ഷേ മുഖ്യമന്ത്രിയാകാന്‍ വേറെ ആള് വേണ്ടേ. അദ്ദേഹത്തിന് ഇളവ് നല്കി. പൊതുജനങ്ങള്‍ എല്ലാവരും ബഹുമാനിക്കുന്നവരെയും പറ്റിയനേതാക്കളെയും കിട്ടാതെ വന്നാല്‍ എന്തു ചെയ്യും. 75 വയസ് കഴിഞ്ഞവരെ മത്സരിപ്പിക്കണമെന്ന് ആരും പറഞ്ഞില്ല.
പക്ഷേ വയസായതു കൊണ്ട് സ്ഥാനത്തിരിക്കാന്‍ പാടില്ല എന്ന് പറയുന്നത് ശരിയല്ല. തോൽക്കുമെന്ന് ഉറപ്പുള്ള സ്ഥാനാര്‍ഥികളെ പാര്‍ട്ടി വീണ്ടും മത്സരിപ്പിക്കുകയാണ്. ഇപ്പോള്‍ ചരിത്രമൊന്നും ആര്‍ക്കും വേണ്ട. ഒരാള്‍ എംഎല്‍എ ആയതുകൊണ്ടോ മന്ത്രി ആയതുകൊണ്ടോ ചരിത്രത്തില്‍ സ്ഥാനംപിടിക്കണമെന്നില്ല.
ഇഎംഎസിന്റെയോ എകെജിയുടെയോ കാലത്തായിരുന്നു ഈ നിബന്ധനയെങ്കില്‍ എന്നേ അവര്‍ വീട്ടിലിരിക്കേണ്ടി വന്നേനെ. ജനമനസുകളില്‍ സ്ഥാനമാനങ്ങളുള്ള നേതാക്കളെ എക്കാലത്തും പാര്‍ട്ടിയില്‍ നിലനിര്‍ത്തണം. റിട്ടയര്‍ ചെയ്ത രാഷ്ടട്രീയനേതാക്കളെല്ലാംകൂടി സമ്മേളനം ചേരുമോ എന്ന ആശങ്കയിലാണ് താനെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
ശ്രീനാരായണഗുരു എംപ്ലോയീസ് കൗണ്‍സില്‍ സംഘടിപ്പിച്ച ഗുരുസംഗമം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.