പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂർ മേൽശാന്തി
Thursday, September 19, 2024 1:28 AM IST
ഗുരുവായൂർ: ക്ഷേത്രം മേൽശാന്തിയായി തൃശൂർ വെള്ളറക്കാട് തോന്നല്ലൂർ പുതുമന മനയിൽ ശ്രീജിത്ത് നമ്പൂതിരിയെ (36) തെരഞ്ഞടുത്തു. ആദ്യമായാണ് ശ്രീജിത്ത് നമ്പൂതിരി മേൽശാന്തിയാകുന്നത്. ഒക്ടോബർ ഒന്നുമുതൽ അടുത്ത ആറു മാസമാണ് കാലാവധി.
ഇന്നലെ ഉച്ചപൂജയ്ക്കു ശേഷം ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടത്തിയത്. നിലവിലെ മേൽശാന്തി പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരിയാണ് നറുക്കെടുത്തത്.
കൂടിക്കാഴ്ചയ്ക്കു ഹാജരായ 51 പേരിൽ യോഗ്യതനേടിയ 42 പേരുടെ പേരുകളിൽ നിന്നാണ് നറുക്കെടുപ്പ് നടത്തിയത്. ഈ മാസം 30ന് രാത്രി അത്താഴപൂജയ്ക്കുശേഷം ശ്രീകോവിലിന്റെ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി ശ്രീജിത്ത് നമ്പൂതിരി ചുമതലയേൽക്കും. കഴിഞ്ഞ 17 വർഷമായി വേലൂർ കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മേൽശാന്തിയാണ്.
അച്ഛൻ: പുതുമന പരമേശ്വരൻ നമ്പൂതിരി. അമ്മ: പട്ടാമ്പി ആലംപിള്ളി മനയിൽ സാവിത്രി. ഭാര്യ: പുതുരുത്തി കിണറ്റാമറ്റം മനയിൽ കൃഷ്ണശ്രീ. രണ്ടാം ക്ലാസ് വിദ്യാർഥിനി ആരാധ്യയും രണ്ടര വയസുകാരൻ റിഗ്വേദും മക്കളാണ്.