സിനിമയില്‍ പുതിയ സംഘടനയ്ക്കു നീക്കം
Tuesday, September 17, 2024 1:49 AM IST
കൊച്ചി: മലയാള സിനിമയില്‍ നിലവിലുള്ള സംഘടനകള്‍ക്കു ബദലായി പുതിയ സംഘടന രൂപവത്കരിക്കാന്‍ നീക്കം.
സംവിധായകരായ അഞ്ജലി മേനോന്, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, നടി റിമ കല്ലിങ്കല്‍, ചലച്ചിത്ര പ്രവര്ത്തകന് ബിനീഷ് ചന്ദ്ര എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് പുതിയ സംഘടന രൂപവത്കരിക്കുന്നതു സംബന്ധിച്ചു സൂചിപ്പിച്ചിട്ടുള്ളത്.
തൊഴിലാളി ശക്തീകരണം ലക്ഷ്യമിട്ടാണ് പുതിയ സംഘടന രൂപവത്കരിക്കുന്നതെന്ന് ഇവര്‍ വ്യക്തമാക്കി. നമുക്കൊരുമിച്ച് മലയാള ചലച്ചിത്ര വ്യവസായത്തെ നവീകരിക്കാമെന്നും സിനിമാ വ്യവസായത്തിന്റെ ഭാഗമായ എല്ലാവരും സമഭാവനയോടെ കൂടുതല്‍ മെച്ചപ്പെട്ട ഭാവിക്കായുള്ള സ്വപ്നത്തില്‍ ഒന്നിച്ച് അണിചേരാമെന്നും പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്റെ രൂപവത്കരണത്തിനായുള്ള ആലോചന എന്ന പേരില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കു നല്കിയ പ്രസ്താവനയില്‍ പറയുന്നു.
സിനിമയില്‍ ട്രേഡ് യൂണിയന് രൂപവത്കരിക്കാന്‍ 20ഓളം താരങ്ങള്‍ ഫെഫ്കയെ സമീപിച്ചതിനു പിന്നാലെയാണു മറ്റൊരു സംഘടന രൂപവത്കരിക്കാനുള്ള നീക്കങ്ങള്‍ സജീവമായിട്ടുള്ളത്. ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ അമ്മയിലടക്കം ഭിന്നത രൂപപ്പെട്ടിരുന്നു.
സിനിമാ സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ക്കു നേരെ വരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ പുതിയ സംഘടന വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നതോടെ അദ്ദേഹം രാജിവച്ചിരുന്നു. പിന്നാലെ മറ്റ് നടന്മാര്ക്കെതിരേ ആരോപണം ഉയരുകയും അമ്മ നേതൃത്വം ഒന്നടങ്കം രാജിവയ്ക്കുകയും ചെയ്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഫെഫ്ക നിലപാട് വ്യക്തമാക്കാത്തതില്‍ പ്രതിഷേധിച്ച് സംവിധായകന് ആഷിഖ് അബു ഫെഫ്കയില്നിന്നു രാജിവയ്ക്കുകയും ചെയ്തിരുന്നു.