നിപ ഭീതി: ആശങ്കയില്‍ പ്രവാസികളും
Tuesday, September 17, 2024 1:49 AM IST
കോഴിക്കോട്: ഓണക്കാലത്ത് നാട്ടിലെത്തിയ പ്രവാസികള്‍ക്കു പ്രതിസന്ധിയായി നിപ ഭീതി. നിലവില്‍ വലിയ രീതിയിലുള്ള വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും സ്ഥിതി ആശങ്കപരത്തുന്ന രീതിയില്‍ തുടര്‍ന്നാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുക പ്രവാസികളെത്തന്നെയായിരിക്കും.
നിപ കേരളത്തില്‍ ആദ്യമായി ഭീതി പരത്തിയപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ കേരളത്തില്‍നിന്നുള്ള പ്രത്യേകിച്ചും കരിപ്പൂരില്‍നിന്നുള്ള യാത്രക്കാര്‍ക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പഴം- പച്ചക്കറി കയറ്റുമതിയുള്‍പ്പെടെയുള്ള കാര്‍ഗോ സര്‍വീസുകളും നിര്‍ത്തിവച്ചിരുന്നു.
നിലവില്‍ മലപ്പറത്ത് പെരിന്തല്‍മണ്ണയില്‍ നിപ ബാധിച്ച് യുവാവ് മരിച്ചതിനു പിന്നാലെ പത്തു പേരുടെ സാമ്പിളുകള്‍ കൂടി ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്.
മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടിക ആശങ്കപ്പെടുത്തുന്ന രീതിയില്‍ വലുതായതും ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. ജില്ലയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ വന്നാല്‍ കരിപ്പൂരില്‍നിന്നും തിരിച്ചുമുള്ള യാത്രക്കാര്‍ക്കു കര്‍ശന പരിശോധനകള്‍ നടത്തേണ്ട സാഹചര്യമുണ്ടാകും.
പലരും ഓണാവധിയും ഗള്‍ഫ് രാജ്യങ്ങളിലെ വേനലവധിയുമായും ബന്ധപ്പെട്ട് നാട്ടിലെത്തിയിരുന്നു. ഇതില്‍ പലരും തിരിച്ചുപോകാന്‍ തയാറെടുക്കുന്നതിനിടെയാണു പ്രവാസികള്‍ ഏറെയുള്ള മലപ്പുറത്ത് നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നതാണ് ആശങ്ക പടര്‍ത്തുന്നത്.