ആറ് വന്ദേഭാരതും ആദ്യ വന്ദേ മെട്രോയും രാഷ്ട്രത്തിനു സമർപ്പിച്ചു
Tuesday, September 17, 2024 1:49 AM IST
കൊല്ലം: പുതുതായി ആരംഭിച്ച ആറ് വന്ദേഭാരത് എക്സ് പ്രസ് ട്രെയിനുകളും ആദ്യ വന്ദേ മെട്രോ ട്രെയിനും പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമർപ്പിച്ചു.
ടാറ്റാ നഗർ- പട്ന, ബ്രഹ്മപൂർ- ടാറ്റാനഗർ, റൂർക്കേല- ഹൗറ, ദിയോഘർ- വാരാണസി, ഭഗൽപുർ- ഹൗറ, ഗയ- ഹൗറ എന്നീ റൂട്ടുകളിലെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. ഇതു കൂടാതെ 600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു.
ജാർഖണ്ഡിലെ ടാറ്റാ നഗർ റെയിൽവേ സ്റ്റേഷനിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.അഹമ്മദാബാദ് ഭുജ് റൂട്ടിൽ ആരംഭിച്ച ആദ്യ വന്ദേ മെട്രോ ട്രെയിൻ ഇന്നലെയാണ് ഗുജറാത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
പൂർണമായും ശീതീകരിച്ചതാണ് വന്ദേ മെട്രോയുടെ കോച്ചുകൾ. റിസർവേഷൻ സൗകര്യമില്ല. പുറപ്പെടുന്നതിനു തൊട്ടു മുമ്പുവരെ സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റ് ലഭിക്കും. 1150 യാത്രക്കാർക്ക് ഇരുന്നും 2058 പേർക്ക് നിന്നും യാത്ര ചെയ്യാനുള്ള സൗകര്യം ഈ വന്ദേ മെട്രോയിൽ ഉണ്ട്. അഞ്ച് മണിക്കൂർ 45 മിനിട്ടാണ് യാത്രാസമയം.
ജനശതാബ്ദിയും ചുവപ്പണിയുന്നു
കൊല്ലം: കേരളത്തിൽ സർവീസ് നടത്തുന്ന ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകളിൽ ഘട്ടംഘട്ടമായി എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്തുന്നു.
തിരുവനന്തപുരം -കണ്ണൂർ ജനശതാബ്ദിയിൽ 29 മുതലും കണ്ണൂർ തിരുവനന്തപുരം സർവീസിൽ 30 മുതലും ഇത് പ്രാബല്യത്തിൽ വരും. 21 എൽഎച്ച്ബി കോച്ചുകളാണ് ഉണ്ടാകുക. സ്റ്റോപ്പുകളുടെ എണ്ണത്തിലും വണ്ടിയുടെ സമയക്രമത്തിലും മാറ്റമൊന്നുമില്ലെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.