പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്നു സ്ത്രീകൾ മരിച്ചു
Sunday, September 15, 2024 2:27 AM IST
കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്നു സ്ത്രീകൾ മരിച്ചു.
കോട്ടയം നീലംപേരൂര്‍ പരപ്പൂത്തറ പി.എ. തോമസിന്റെ ഭാര്യ ആലീസ് തോമസ് (61), ചിങ്ങവനം പാലക്കുടി ഉപ്പായി (റിട്ട. കെഎസ്ആര്‍ടിസി) യുടെ ഭാര്യ ചിന്നമ്മ (73), ചിങ്ങവനം കുഴിമറ്റം മങ്ങാട്ടയം റോബര്‍ട്ട് കുര്യാക്കോസിന്റെ (യുകെ) ഭാര്യ ഏയ്ഞ്ചലീന ഏബ്രഹാം (30) എന്നിവരാണ് മരിച്ചത്. രാജപുരത്തു നടന്ന ചിന്നമ്മയുടെ മകന് ലിനുവിന്റെ മകൾ മര്ഷയുടെ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇവർ.
ഇന്നലെ വൈകുന്നേരം 6.50ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. കോട്ടയത്തേക്കുള്ള മലബാർ എക്സ്പ്രസിൽ കയറാൻ കാഞ്ഞങ്ങാട് സ്റ്റേഷനിലെത്തിയതായിരുന്നു ഇവർ. മലബാർ എക്സ്പ്രസ് വരുന്നത് രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണെന്നു കരുതി അവിടെ കാത്തുനില്‍ക്കുകയായിരുന്ന ഇവർ ട്രെയിൻ വരുന്നത് ഒന്നാമത്തെ പ്ലാറ്റ്ഫോമിലാണെന്ന് മനസിലായതോടെ പെട്ടെന്ന് അവിടേക്ക് ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു. ഇതേസമയം കണ്ണൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കോയമ്പത്തൂർ-ഹിസാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസാണ് ഇടിച്ചത്. ഈ ട്രെയിനിന് കാഞ്ഞങ്ങാട് സ്റ്റോപ്പില്ല.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്റെ തെക്കുഭാഗത്ത് മാത്രമാണ് മേൽപ്പാലവും ലിഫ്റ്റും ഉള്ളത്. സ്റ്റേഷനിലേക്കുള്ള പ്രവേശനകവാടം വടക്കുഭാഗത്തായതിനാൽ അധികം യാത്രക്കാരും പാളം മുറിച്ചുകടക്കുന്നത് പതിവാണ്.
പാലക്കാട്ട് നഴ്സായി ജോലി ചെയ്യുന്ന ഏയ്ഞ്ചലീന വിവാഹത്തില്‍ പങ്കെടുക്കാനാണ് കഴിഞ്ഞ ദിവസം കോട്ടയത്തെത്തിയത്. തിരുവല്ല തുരുത്തിപ്പള്ളി സ്വദേശിനിയാണ്. വിവാഹം കഴിഞ്ഞിട്ട് എട്ടുമാസം ആയതേയുള്ളു.
യുകെയിൽ ഭർത്താവിന്റെ അടുത്തേക്ക് പോകാനിരിക്കെയാണ് അപകടം. ഏയ്ഞ്ചലീനയുടെ ഭര്‍തൃ മാതാപിതാക്കളായ ജയിംസും ജെസിയും വിവാഹ സംഘത്തിലുണ്ടായിരുന്നു. സിനു, ലിജു എന്നിവരാണ് ചിന്നമ്മയുടെ മറ്റ് മക്കൾ.