കലവൂർ കൊലപാതകം: ശർമിളയെ സുഭദ്ര കണ്ടത് മകളായി
Sunday, September 15, 2024 1:29 AM IST
ആലപ്പുഴ: കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിൽ കൊച്ചി സ്വദേശിനി സുഭദ്രയെ (73) കൊലപ്പെടുത്തി കുഴിച്ചുമൂടിയത് മദ്യാസക്തിയും പണക്കൊതിയുമെന്നാണ് വിവരം. മകളെപ്പോലെ കണ്ടിരുന്നിട്ടും സുഭദ്രയെ കൊലപ്പെടുത്തിയത് മദ്യപിക്കാനും പണത്തിനും വേണ്ടിയെന്ന് പോലീസ്.
ശർമിളയും മാത്യൂസും മദ്യത്തിന് അടിമകളായിരുന്നു. സ്ഥിരമായി മദ്യപിച്ച് പണം നഷ്ടപ്പെടുത്തിയിരുന്നു. എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ വച്ചാണ് സുഭദ്രയെ ശർമിള പരിചയപ്പെട്ടത്. താൻ അനാഥയാണെന്നു ശർമിള പറഞ്ഞ് സുഭദ്രയുടെ സ്നേഹം പിടിച്ചു പറ്റി. മക്കളുമായി അടുപ്പം കുറവായിരുന്നെങ്കിലും സുഭദ്ര മിക്ക ദിവസവും അവരെ ഫോണിൽ വിളിക്കുമായിരുന്നു.
കേസിലെ പ്രതികളായ ശർമിള (52), ഭർത്താവ് മാത്യൂസ് എന്നിവരെ കൊല നടത്തി മുങ്ങിയതിനു ശേഷം പിടികൂടാൻ സഹായിച്ചത് മണിപ്പാലിലെ സുഹൃത്തിന്റെ ഇടപെടലെന്ന് പോലീസ്. ശർമിളയുടെ അടുത്ത സുഹൃത്തുക്കളുടെ വിവരം ഫോൺ രേഖകളിലൂടെ പോലീസ് മനസിലാക്കിയിരുന്നു.
കൊലപാതകത്തിനു പിന്നാലെ വിവിധ സ്ഥലങ്ങളിൽ ചുറ്റിയ ശേഷം മണിപ്പാലിലെ അധ്യാപികയായ സുഹൃത്തിന്റെ വീട്ടിലാണ് ശർമിളയും മാത്യൂസും എത്തിയത്.
അധ്യാപിക വീട്ടിലില്ലാതിരുന്നതിനാൽ പ്രതികൾ അവിടെ നിന്നു പോയെന്ന് ഇവരുടെ മകൻ പോലീസിനെ അറിയിച്ചു. അമ്മ ഉടൻ തിരികെ എത്തുമെന്നു പറഞ്ഞ് ഇവരുടെ മകനെക്കൊണ്ടു പോലീസ് പ്രതികളെ തിരികെവിളിപ്പിച്ചാണ് പിടികൂടിയത്.
മാത്യൂസിന്റെ ബന്ധു മാരാരിക്കുളം തെക്ക് പനേഴത്ത് റെയ്നോൾഡും കേസിലെ പ്രതിയാണ്. ശർമിളയാണ് ഒന്നാം പ്രതി. മാത്യൂസ് രണ്ടും റെയ്നോൾഡ മൂന്നും പ്രതികൾ.
സുഭദ്രയെക്കുറിച്ച് വിവരമില്ലാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. നാല് ആഴ്ചയോളം കടവന്ത്ര പോലീസ് അന്വേഷിച്ച കേസ് ഏറ്റെടുത്ത് ആറു ദിവസത്തിനിടെ മണ്ണഞ്ചേരി പോലീസ് കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിൽ നിന്ന് മൃതദേഹം കണ്ടെത്തി. മണ്ണ് ഇളകി കിടന്നത് സംശയം തോന്നിയാണ് അവിടെ കുഴിച്ച് മൃതദേഹം കണ്ടെത്തിയത്.
ശർമിളയ്ക്കൊപ്പം സുഭദ്ര പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. സുഭദ്ര കലവൂരിൽ എത്തിയിരുന്നതായുള്ള മൊബൈൽ രേഖകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.
രണ്ടുമാസം മുമ്പ് സുഭദ്രയുടെ കൊച്ചി കരിത്തല റോഡിലെ ശിവകൃപ വീട്ടിൽ സുഭദ്രയെ ഉപദ്രവിക്കാൻ ആദ്യശ്രമം നടത്തിയിരുന്നു. അന്ന് ഉറക്കഗുളിക കൊടുത്ത് ബോധം കെടുത്തി സ്വർണം അപഹരിക്കാനാണ് ശ്രമിച്ചത്.
സാഹചര്യങ്ങൾ അനുകൂലമാകാതെ വന്നതോടെ ആ ശ്രമം പരാജയപ്പെട്ടു. ഇതോടെ കലവൂർ കോർത്തുശേരിയിലെ വീട്ടിലേക്ക് സുഭദ്രയെ എത്തിച്ചു. സുഭദ്ര വന്ന കാര്യം നാട്ടുകാരും സുഭദ്രയുടെ ബന്ധുക്കളും അറിയാതിരിക്കാൻ പ്രതികൾ ശ്രദ്ധിച്ചു.
കൊലപാതകത്തിന് സുഹൃത്ത് റെയ്നോൾഡ്സിന്റെ സഹായവും തേടി. അടുത്ത ബന്ധു വിഷാദരോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ എത്തിച്ച റെയ് നോൾഡ്സിന് കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെങ്കിലും ആസൂത്രണത്തിൽ പങ്കുണ്ടെന്ന് പോലീസ് പറയുന്നു.
റെയ്നോൾഡ്സിന്റെ രണ്ടാം വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച
ആലപ്പുഴ: സുഭദ്ര കൊലക്കേസിലെ കൂട്ടുപ്രതി റെയ്നോൾഡ്സിന്റെ വിവാഹം നടന്നിട്ട് ആഴ്ചകഴിഞ്ഞേയുള്ളൂ. രണ്ടാം വിവാഹമാണ്. രണ്ടാം തീയതി കാട്ടൂരിലെ പള്ളിയിലായിരുന്നു വിവാഹം. ആദ്യഭാര്യ രോഗം ബാധിച്ചു മരിച്ചു. സഹോദരിയുടെ മകനാണ് മുഖ്യപ്രതി മാത്യൂസ്.
ഇരുവരും ഉറ്റ സുഹൃത്തുക്കളുമാണ്. സുഭദ്രയുടെ കൊലപാതക വിവരം പുറത്തിറഞ്ഞപ്പോഴും നാട്ടിൽത്തന്നെ ഉണ്ടായിരുന്നു. ആ ദിവസങ്ങളിൽ മാത്യൂസിനെ വീട്ടിൽ കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
തുടർന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു. മണിപ്പാലിൽ മാത്യൂസും ശർമിളയും പിടിയിലായി പോലീസ് കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കൊലപാതകവുമായി റെയ്നോൾഡ്സിന്റെ ബന്ധം വ്യക്തമായത്. തുടർന്ന് കൂട്ടു പ്രതിയാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.
മാത്യൂസിനെയും ശർമിളയെയും തേടി ഉഡുപ്പിയിലേക്ക് പുറപ്പെട്ട പോലീസ് സംഘത്തിന് തുടക്കം മുതൽ വലിയ പ്രതിസന്ധിയായിരുന്നെങ്കിലും രണ്ടു പ്രതികളെയുംകൊണ്ടാണ് അവർ തിരിച്ചെത്തിയത്. വാടകയ്ക്കെടുത്ത കാറിന്റെ എസി തകരാറിലായി. കടുത്ത ചൂട് സഹിച്ച് യാത്ര, വടക്കൻ കേരളത്തിൽ എത്തിയപ്പോൾ മഴ ശക്തമായി.
യാത്ര ദുഷ്കരമായി കാർ വർക്ക് ഷോപ്പിൽ കയറ്റിയാൽ സമയം നഷ്ടമാകുമെന്നും പ്രതികൾ കടന്നേക്കുമെന്നും കണക്കാക്കി യാത്ര തുടർന്നു.
ഉഡുപ്പിയിൽ പരിചയമുള്ള ഒരു പോലീസുകാരന്റെ വാഹനം തത്കാലം വാങ്ങി വാടകയ്ക്ക് എടുത്ത കാർ നന്നാക്കാൻ കൊടുത്തു. പ്രതികളുമായി ആലപ്പുഴ എത്തുമ്പോഴേക്കും കാറിന് അടുത്ത പ്രശ്നം. ടയർ പഞ്ചറായി. തുടർന്ന് പ്രതികളെ എങ്ങനെയും മണ്ണഞ്ചേരി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.