കുലുക്കിസര്‍ബത്തിന്റെ മറവില്‍ ചാരായം വില്പന; രണ്ടുപേര്‍ അറസ്റ്റില്‍
Sunday, September 15, 2024 1:29 AM IST
കൊച്ചി: കുലുക്കിസര്‍ബത്തിന്റെ മറവില്‍ ചാരായം വില്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. പൂക്കാട്ടുപ്പടി സ്വദേശി സന്തോഷ് (അങ്കിള്‍-54), കാക്കനാട് സ്വദേശി കിരണ്‍ കുമാര്‍ (വാറ്റാപ്പി-35) എന്നിവരെയാണു സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, എക്സൈസ് ഇന്റലിജന്‍സ്, എറണാകുളം എക്സൈസ് റേഞ്ച് എന്നിവര്‍ സംയുക്തമായി പിടികൂടിയത്. കാക്കനാട് കേന്ദ്രമാക്കിയായിരുന്നു ചാരായം വില്പന.
ഇവരുടെ വാഹനങ്ങളില്‍നിന്നും വാടകവീട്ടില്‍നിന്നുമായി 20 ലിറ്റര്‍ ചാരായവും ചാരായം നിര്‍മിക്കാന്‍ പാകമാക്കി വച്ചിരുന്ന 950 ലിറ്റര്‍ വാഷ്, വാറ്റുപകരണങ്ങള്‍, 700 പ്ലാസ്റ്റിക് കുപ്പികള്‍, ചാരായം നിറച്ച കുപ്പികള്‍ സീല്‍ ചെയ്യുന്നതിനുള്ള ഉപകരണം എന്നിവയും കണ്ടെടുത്തു. ചാരായം വില്പന നടത്താന്‍ ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷ, നാനോ കാര്‍, രണ്ട് സ്മാര്‍ട്ട് ഫോണ്‍ എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തേവയ്ക്കലില്‍ ഇരുനില വീട് വാടകയ്ക്കെടുത്ത് കുലുക്കി സര്‍ബത്ത് ഉണ്ടാക്കുന്നുവെന്ന വ്യാജേനയാണ് വ്യവസായികാടിസ്ഥാനത്തില്‍ ചാരായം വാറ്റിയിരുന്നത്.
ചാരായത്തിന്റെ മണം പുറത്തു പരക്കാതിരിക്കാന്‍ സുഗന്ധവ്യഞ്ജന വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. വാറ്റ് സ്പെഷലിസ്റ്റ് എന്നറിയപ്പെടുന്ന മട്ടാഞ്ചേരി പുല്ലുപാലം കുന്നത്തുപാറ വീട്ടില്‍ ലൈബിനാണ് ചാരായം വാറ്റി നല്‍കിയിരുന്നതെന്ന് പ്രതികള്‍ വെളിപ്പെടുത്തി. ലൈബിനെ പ്രതി ചേര്‍ത്തിട്ടുണ്ട്.
തൃക്കാക്കര ഭാരത് മാതാ കോളജിന് എതിര്‍വശം ആവശ്യക്കാരെ കാത്തുനിൽക്കുന്നതിനിടെയാണ് കിരണിനെ പിടികൂടിയത്. ഓട്ടോ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം പിടികൂടി. പിന്നാലെ സന്തോഷിനെയും അറസ്റ്റ് ചെയ്തു. മൂന്ന് വിദേശ ഇനം നായ്ക്കളെ അഴിച്ചുവിട്ടിരുന്നതിനാല്‍ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കാന്‍ സംഘം പണിപ്പെട്ടു.