“ഉറ്റവര്‍ നഷ്ടപ്പെട്ട കുട്ടികൾക്ക് സമഗ്ര പദ്ധതി വേണം”; വയനാട് ദുരന്തത്തിൽ ഹൈക്കോടതി
Saturday, September 14, 2024 3:04 AM IST
കൊച്ചി: വയനാട് ഉരുള്‍പൊട്ടലിനുശേഷം പ്രദേശത്തെ കുട്ടികളുടെ മനസികപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ദീര്‍ഘകാലപദ്ധതികള്‍ സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഉറ്റവര്‍ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനൊപ്പം പഠനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു സമഗ്രമായ പദ്ധതി ആവിഷ്കരിക്കണം.
ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് സംതൃപ്തി രേഖപ്പെടുത്തി. വയനാട് ദുരന്തത്തെത്തുടര്‍ന്ന് സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
പരാതിപരിഹാര സെല്ലില്‍ ലഭിക്കുന്ന പരാതികളില്‍ രണ്ടാഴ്ചയ്ക്കകം തീര്പ്പുകല്പ്പിക്കാനായില്ലെങ്കില് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ദുരന്തബാധിതര്‍ക്കായി പ്രത്യേക ഇൻഷ്വറന്‍സ് ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണം.
യുണിസെഫ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്ന കൗണ്‍സലിംഗും മറ്റു നടപടികളുമാണ് കുട്ടികളുടെ കാര്യത്തില്‍ സ്വീകരിച്ചതെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ ഫോസ്റ്റര്‍ കെയര്‍ സംരക്ഷണയിലാണ്.
ഈ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് സ്കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശീലനം നല്‍കുന്നുണ്ടെന്നും അറിയിച്ചു.അതേസമയം, ദുരന്തബാധിത മേഖലകളില്‍ ഇപ്പോഴും തെരച്ചില്‍ നടത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.