മിഷേല്‍ ഷാജിയുടെ ദുരൂഹമരണം: ക്രൈംബ്രാഞ്ച് കേസന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതി
Saturday, September 14, 2024 2:22 AM IST
കൊച്ചി: എറണാകുളത്ത് സിഎ വിദ്യാര്‍ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ ദുരൂഹമരണം സംബന്ധിച്ച കേസില്‍ ക്രൈംബ്രാഞ്ച് എത്രയുംവേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതി.
കേസ് സിബിഐക്കു വിടണമെന്ന പിതാവ് ഷാജിയുടെ ആവശ്യം കോടതി അനുവദിച്ചില്ല. മിഷേലിന്റേതു മുങ്ങിമരണമാണെന്ന വാദത്തിന് തെളിവുകളുണ്ട്. നരഹത്യയാണെന്നു സംശയിക്കത്തക്ക സാഹചര്യവുമില്ല. അതിനാല്‍ കേസ് സിബിഐക്കു വിടേണ്ടതില്ലെന്നു ജസ്റ്റീസ് സി.എസ്. സുധ വ്യക്താക്കി.
പിറവം മുളക്കുളം എണ്ണയ്ക്കാപ്പിള്ളില്‍ മിഷേല്‍ ഷാജിയെ 2017 മാര്‍ച്ച് ആറിനാണു കൊച്ചി കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലേദിവസം വൈകുന്നേരം ഹോസ്റ്റലില്നിന്നിറങ്ങിയ മിഷേല്‍ കലൂര്‍ പള്ളിയില്‍ പ്രാർഥനയ്ക്കുശേഷം സന്ധ്യയോടെ ഗോശ്രീ പാലത്തിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
പരാതി ആദ്യം അവഗണിച്ച പോലീസ് സിസിടിവി ദൃശ്യങ്ങള്‍ രക്ഷിതാക്കള്‍ ഹാജരാക്കിയപ്പോഴാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. അന്വേഷണം പിന്നീട് ഏറ്റെടുത്ത ക്രൈംബ്രാഞ്ചും മിഷേലിന്റേത് ആത്മഹത്യയാണെന്ന നിഗമനത്തിലെത്തി.
ഫോണ്‍ റിക്കാര്‍ഡുകള്‍ പരിശോധിച്ചതില്‍നിന്നും പ്രേരണാക്കുറ്റത്തിന് മിഷേലിന്റെ സുഹൃത്തായിരുന്ന പിറവം സ്വദേശി ക്രോനിന് അലക്സാണ്ടര്‍ ബേബിക്കെതിരേ കേസെടുക്കുകയും ചെയ്തു. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്നും തന്റെ മൊഴികള്‍ അവഗണിച്ചെന്നുമാണ് പിതാവിന്റെ വാദം.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതും രക്ഷിതാക്കളെ പല സ്റ്റേഷനുകളിലും വിളിച്ചുവരുത്തിയതും അനാസ്ഥയാണെന്ന് ഹൈക്കോടതി വിലയിരുത്തി.
രണ്ടുമാസത്തിനകം അന്വേഷണത്തിലെ പോരായ്മ പരിശോധിച്ചു വിചാരണക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മിഷേല്‍ ഷാജി ഗോശ്രീ പാലത്തില്‍നിന്നു കായലില്‍ ചാടിയതാണെന്നതിനു വ്യക്തമായ തെളിവില്ല. അതുവഴി കടന്നുപോയ അമല്‍ ജോര്‍ജിന്റെ മൊഴിയാണ് ആധാരം. മിഷേലിന്റെ വസ്ത്രവും അതിന്റെ നിറവും ഏതെന്നു വിവരിച്ചത് ശരിയായിട്ടല്ല.
സാക്ഷി പറഞ്ഞ ഇടം കേന്ദ്രീകരിച്ചാണു കായലില്‍ പരിശോധന നടത്തിയത്. ബാഗും വാച്ചും ഷൂസും കണ്ടെടുക്കാനായില്ല. ഗോശ്രീ ഒന്നാം പാലത്തിനടുത്തേക്ക് തെരച്ചില്‍ വ്യാപിപ്പിക്കേണ്ടതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ദേഹത്തിന്റെ ജീര്‍ണത സംബന്ധിച്ച ശാസ്ത്രീയ പരിശോധനകള്‍ക്കു മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ ജലസാമ്പിള്‍ മാത്രമാണു ശേഖരിച്ചത്. പെണ്‍കുട്ടി ചാടിയെന്നു പറയുന്നിടത്തെ വെള്ളം ശേഖരിച്ചില്ല.
പ്രതിചേര്‍ക്കപ്പെട്ട യുവാവ് ഡിലീറ്റ് ചെയ്ത 60 എസ്എസംഎസ് സന്ദേശങ്ങള്‍ വീണ്ടെടുത്തില്ല. ഇതു വീണ്ടെടുക്കാനാകുമോയെന്ന് ഇനിയും ശ്രമിക്കണം. ഏഴു വര്‍ഷം കടന്നുപോയതിനാല്‍ ഇക്കാര്യം ഇനി അന്വേഷിച്ചാലും കാര്യമുണ്ടാകില്ലെന്നും കോടതി ചൂണ്ടികാട്ടി.