കബഡി താരമായ അധ്യാപികയുടെ മരണം ; ഭർത്താവും ഭർതൃമാതാവും കുറ്റക്കാർ
Saturday, September 14, 2024 2:22 AM IST
കാസർഗോഡ്: ദേശീയ കബഡി താരമായിരുന്ന അധ്യാപികയുടെ മരണത്തിൽ ഭർത്താവും ഭർതൃമാതാവും കുറ്റക്കാരാണെന്ന് ജില്ലാ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി.
ബേഡകം ചേരിപ്പാടിയിലെ പ്രീതി (30)യുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട്ടെ പുറവങ്കര രാകേഷ് കൃഷ്ണൻ (38), അമ്മ ശ്രീലത (59) എന്നിവരെയാണു കുറ്റക്കാരായി കണ്ടെത്തിയത്. ശിക്ഷ ഈ മാസം 18 ന് വിധിക്കും. കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന രാകേഷിന്റെ പിതാവ് രമേശൻ വിചാരണയ്ക്കിടെ മരച്ചിരുന്നു.
2017 ഓഗസ്റ്റ് 18 നാണു പ്രീതിയെ ചേരിപ്പാടിയിലെ വീട്ടിൽ കോണിപ്പടിയുടെ കൈവരിയിൽ ഷാളിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാകേഷിന്റെയും കുടുംബത്തിന്റെയും ഭാഗത്തുനിന്നുണ്ടായ ഗാർഹിക പീഡനങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങൾ ബേഡകം പോലീസിൽ പരാതി നല്കുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ. ലോഹിതാക്ഷനും അഡ്വ.ആതിര ബാലനും ഹാജരായി. 2009 മുതൽ ദേശീയ കബഡി ടീം അംഗമായിരുന്ന പ്രീതി പിന്നീട് വെള്ളൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കായികാധ്യാപികയായിരുന്നു. ഇവർക്ക് ഒരു മകളുണ്ട്.