ജയിംസിന് ഇന്ന് നാകപ്പുഴ വിടചൊല്ലും
Saturday, September 14, 2024 2:22 AM IST
“ഇതു സാറല്ല... ഞങ്ങളുടെ ഏട്ടനാണ്’’ എന്നു പറയാൻ കുട്ടികൾക്കിനി ജയിംസ് സാറില്ല. തേവര സേക്രഡ് ഹാർട്ട് കോളജിൽ വിദ്യാർഥികൾക്കൊപ്പം ആടിപ്പാടാനും കടുകട്ടി പാഠങ്ങൾ സൗഹൃദത്തിൽ ചാലിച്ചു ലളിതമാക്കാനും പ്രിയപ്പെട്ട അധ്യാപകൻ ഇനി എത്തില്ല. അവരുടെ ജയിംസ് സാർ ഓർമയായിരിക്കുന്നു.
ബുധനാഴ്ച കോളജിൽ നടന്ന ഓണാഘോഷത്തിനിടയിലാണ് കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ജയിംസ് വി. ജോർജ് കുഴഞ്ഞുവീണതും തുടർന്ന് ആശുപത്രിയിൽ ഹൃദയാഘാതംമൂലം മരിച്ചതും. വിവരമറിഞ്ഞതു മുതൽ ഒരു കാന്പസും തൊടുപുഴയ്ക്കു സമീപം നാകപ്പുഴ എന്ന കൊച്ചുഗ്രാമവും മാത്രമല്ല, ജയിംസിനെ പരിചയമുള്ളവരെല്ലാം തേങ്ങുകയാണ്. ജയിംസ് സാറിനോട് ഒരുവട്ടമെങ്കിലും സംസാരിച്ചിട്ടുള്ളവർക്ക് അദ്ദേഹത്തെ മറക്കാനാവില്ല.
സദാ വിരിയുന്ന പുഞ്ചിരിയും ശാന്തതയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ഫുട്ബോൾ പരിശീലനക്കളരിയായ സോക്കർ സ്കൂളിന്റെയും അധ്യാപക സുഹൃത്തായിരുന്നു ജയിംസ്. തൊടുപുഴ കേന്ദ്രീകരിച്ച് കലാസാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുന്ന ഫ്യൂജി ഗംഗയുടെയും സഹയാത്രികൻ.
കറകളഞ്ഞ പ്രകൃതിസ്നേഹിയും കർഷകനുമായിരുന്നു അദ്ദേഹം. അന്യംനിന്നുപോകുന്ന നെൽകൃഷി ജീവിതസപര്യയാക്കിമാറ്റി ജയിംസ് അനേകർക്കു പ്രചോദനമായിട്ടുണ്ട്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിനോടു തോളോടുതോൾ ചേർന്നുനിന്നയാളാണ് ജയിംസ്. കൂടെപ്പിറപ്പുകളെപ്പോലെ സ്നേഹിച്ച ശിഷ്യരെ സ്വപ്നം കാണാൻ പഠിപ്പിച്ച, ആ സ്വപ്നത്തിലെത്തിച്ചേരുന്പോൾ മാറിനിന്നു കണ്ട് സന്തോഷിച്ച ഗുരുഭൂതൻ.
ഈ വിയോഗം കോതമംഗലം രൂപതയ്ക്കും ഒരു തീരാനഷ്ടംതന്നെ. രൂപതയുടെ പാസ്റ്ററൽ കൗൺസിൽ, പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് എന്നീ സമിതികളിൽ അംഗമായിരുന്നു ജയിംസ്. കത്തോലിക്കാസഭയുടെ ഏത് ആവശ്യങ്ങളിലും ഓടിയെത്തുന്ന കരുത്തുറ്റ യുവമുഖമായിരുന്നു അദ്ദേഹം.
ജെ.ബി. കോശി കമ്മീഷൻ മുന്പാകെ സമർപ്പിക്കേണ്ട ക്രൈസ്തവ സമുദായത്തിന്റെ നിര്ദേശങ്ങള് ക്രോഡീകരിക്കുകയും നേടിയെടുക്കുന്നതിനായി അഹോരാത്രം പ്രവർത്തിക്കുകയും ചെയ്തു. നാനാതുറയിലുള്ള ആളുകളുമായി അവരുടെ മേഖലയുമായി ചേർന്ന് സംവദിക്കാനും ഇതിലൂടെ വ്യക്തികൾക്ക് സ്വീകാര്യനാകാനും അദേഹത്തിനു കഴിഞ്ഞു.
സ്വദേശത്തും വിദേശത്തുമുള്ള പല വേദികളിലും പ്രഭാഷകനായിരുന്നു. നിലവിൽ മഹാത്മാഗാന്ധി സർവകലാശാലയുടെ കൊമേഴ്സ് പിജി ബോർഡ് ഓഫ് സ്റ്റഡീസ് അംഗവുമാണ്.
എന്നാൽ, ഇതൊന്നുമല്ല തന്റെ നിയോഗമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. അശരണരിലേക്കും ആലംബഹീനരിലേക്കും പരിത്യജിക്കപ്പെട്ടവരിലേക്കും വിദ്യ നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങളിലേക്കും കടന്നുചെന്ന് ജയിംസ് സൃഷ്ടിച്ചതൊരു സ്നേഹവിപ്ലവമായിരുന്നു.
ഇടുക്കി, എറണാകുളം ജില്ലകളിലെ ആദിവാസിക്കുടിലുകളിൽ കടന്നുചെന്ന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുട്ടികൾക്കും മാതാപിതാക്കൾക്കും മനസിലാക്കിക്കൊടുത്ത് നഗരപ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ അഡ്മിഷൻ നൽകി സർക്കാർ ഏജൻസികളുടെ സഹായത്തോടെ അവരുടെ കുടികളിലേക്കു പ്രതീക്ഷയുടെ വെളിച്ചം പ്രസരിപ്പിക്കുവാൻ ഏതാനും വർഷങ്ങളായി അത്യധ്വാനം ചെയ്തിരുന്നു ജയിംസ്.
തൊടുപുഴയിലുള്ള ആലംബഹീനരായ അമ്മമാരുടെയും മക്കളുടെയും ഭവനമായ മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷന്റെയും പ്രവർത്തകനായിരുന്നു. കോതമംഗലം രൂപതയിൽ നടന്ന എപ്പാർക്കിയൽ അസംബ്ലിയുടെ മുഖ്യചുമതലക്കാരിൽ ഒരാളും അദ്ദേഹമായിരുന്നു.
നിരവധി പ്രബന്ധങ്ങളുടെ രചയിതാവ്, ആനുകാലികങ്ങളിലെ കോളമിസ്റ്റ്, പ്രഭാഷകൻ, ചിന്തകൻ എന്നിങ്ങനെ ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയനായ ഒരു പേരാണ് ജയിംസ് വി. ജോർജ്. പല വിഷയങ്ങളിലും ദീപികയിൽ ലേഖനങ്ങൾ എഴുതിയിരുന്നു.
തൊടുപുഴ നാകപ്പുഴ വെട്ടുപാറയ്ക്കൽ വീട്ടിൽ അധ്യാപക ദന്പതികളായ പരേതനായ വർക്കിയുടെയും മേരിയുടെയും മകനാണ് ജയിംസ്. ഭാര്യ: സോന ജോർജ് തൊടുപുഴ ന്യൂമാൻ കോളജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ. മകൻ രണ്ടുവയസുകാരൻ വർഗീസ്.
നാഗപ്പുഴ കവലയിലെ വോളിബോൾ കോർട്ടിൽ കൂട്ടുകാരോടൊത്തിരുന്ന് നാട്ടുവർത്തമാനം പറയുന്ന അതേ ലാഘവത്തോടെ, എളിമയോടെ അന്തർദേശീയ സെമിനാറുകളിൽ ഗംഭീരപ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന പ്രിയ ജയിംസ് ഒരുപാട് മനസുകളിൽ എക്കാലവും ചിരസ്മരണയായി തെളിഞ്ഞുനിൽക്കും, തീർച്ച.