സ്റ്റഡി ക്ലാസ് വേണ്ട: ആരോപണങ്ങൾക്കു മറുപടി പറയൂ; മുഖ്യമന്ത്രിയോടു വി.ഡി. സതീശൻ
Thursday, September 12, 2024 5:17 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കുമെതിരേ ഉയർന്ന ഗുരുതര ആരോപണങ്ങൾക്കു മറുപടി പറയുന്നതിനു പകരം ചരിത്രത്തെ വളച്ചൊടിച്ചു സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലയേയും റാം മാധവിനേയും പത്തു ദിവസത്തെ ഇടവേളയിൽ എഡിജിപി കണ്ടത് എന്തിനെന്നു വിശദീകരിക്കണമെന്നു സതീശൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതനായല്ലേ എഡിജിപി ആർഎസ്എസ് നേതാക്കളെ സന്ദർശിച്ചതെന്നും ഇതേ എഡിജിപിയെ ഉപയോഗിച്ച് ബിജെപിയെ സഹായിക്കാൻ മുഖ്യമന്ത്രി തന്നെയല്ലേ തൃശൂർ പൂരം കലക്കിയതെന്നും സതീശൻ ചോദിച്ചു.
പ്രതിപക്ഷത്തിനൊപ്പം എൽഡിഎഫിലെ ഘടകകക്ഷികളും എഡിജിപിക്കെതിരേ നടപടി വേണമെന്നു പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. കോവളത്ത് റാം മാധവ് എഡിജിപി കൂടിക്കാഴ്ച നടന്നപ്പോൾ ഒപ്പമുണ്ടായിരുന്നവർ ആരൊക്കെ എന്നു മുഖ്യമന്ത്രി വ്യക്തമാക്കണം.
ആർഎസ്എസിനെ പ്രതിരോധിച്ചതു സിപിഎമ്മാണെന്നും അതിൽ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയും.
സംഘപരിവാറിനെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടത്തിനു പിണറായി വിജയന്റെ സ്റ്റഡി ക്ലാസ് വേണ്ട. അത് ഇനി കേരളത്തിലെ സിപിഎമ്മിനും വേണ്ടി വരുമെന്ന് തോന്നുന്നില്ലെന്നു സതീശൻ പറഞ്ഞു.