വി.കെ. പ്രകാശിന് മുന്‍കൂര്‍ ജാമ്യം
Thursday, September 12, 2024 4:18 AM IST
കൊച്ചി: യുവകഥാകൃത്തിനെ സിനിമാചര്‍ച്ചയ്ക്കായി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയശേഷം ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സംവിധായകന് വി.കെ. പ്രകാശിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. പ്രകാശ് ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണം. ഹര്‍ജിക്കാരനെ അറസ്റ്റ് ചെയ്യുന്നപക്ഷം ജാമ്യത്തില്‍ വിടണമെന്നും ജസ്റ്റീസ് സി.എസ്. ഡയസ് ഉത്തരവിട്ടു.
വി.കെ. പ്രകാശിന് രണ്ടു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടിലും തത്തുല്യമായ രണ്ട് ആള്‍ജാമ്യത്തിലുമാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ഹര്‍ജിക്കാരനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി.
എന്നാല്‍ തുടര്‍ച്ചയായി മൂന്നുദിവസം രാവിലെ ഒമ്പതുമുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ ചോദ്യംചെയ്യലിനു വിധേയനാകണം. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുന്ന പക്ഷം തുടര്‍ന്നും ഹാജരാകണം.
ആവശ്യമെങ്കില്‍ മെഡിക്കല്‍ പരിശോധന നടത്താമെന്നും കോടതി വ്യക്തമാക്കി. പരാതി നല്‍കുന്നത് രണ്ടുവര്‍ഷത്തിലധികം വൈകി. വി.കെ. പ്രകാശിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും കോടതി വിലയിരുത്തി.
പരാതിക്കാരി ഒരു നിര്‍മാതാവിനെ വഞ്ചിച്ചു പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതി നേരത്തേയുണ്ടായിരുന്നു. തെറ്റിദ്ധാരണ കൊണ്ടുള്ള പരാതിയെന്നാണു കേസ് ഒത്തുതീര്‍പ്പാക്കിയപ്പോള്‍ യുവതി സത്യവാങ്മൂലം നല്‍കിയത്. നിലവിലെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അന്വേഷണത്തിലും വിചാരണയിലും പുറത്തുവരേണ്ടതാണെന്നും കോടതി വ്യക്തമാക്കി.
ആദ്യം ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരം കേസെടുത്ത കൊല്ലം പള്ളിത്തോട്ടം പോലീസ്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തതെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയിരുന്നു.
സംഭവം നടന്നതായി പറയുന്ന ദിവസത്തിനുശേഷവും പരാതിക്കാരി സൗഹൃദസന്ദേശങ്ങള്‍ അയച്ചിരുന്നുവെന്ന് തെളിയിക്കുന്ന വാട്സ്ആപ്പ് ചാറ്റുകളും വി.കെ. പ്രകാശ് കോടതിയില്‍ ഹാജരാക്കിയിരുന്നു.