ആർഎസ്എസ്- എഡിജിപി കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനെ ഇന്റലിജൻസ് നേരത്തേ അറിയിച്ചിരുന്നു
Thursday, September 12, 2024 4:18 AM IST
തിരുവനന്തപുരം: ആർഎസ്എസ് ദേശീയ നേതാക്കളെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാർ രണ്ടിടങ്ങളിലും കണ്ടെന്നു വ്യക്തമാക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട് സർക്കാരിനു കൈമാറിയിരുന്നു.
2023 മേയ് മാസത്തിൽ തൃശൂരിലും ജൂണിൽ തിരുവനന്തപുരത്തും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച നടത്തിയെന്നു വ്യക്തമാക്കിയുള്ള വിവരം അന്നത്തെ ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ് കുമാർ നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനെ അറിയിച്ചിരുന്നു.
അജിത് കുമാറിന്റെ ആഎസ്എസ് കൂടിക്കാഴ്ച ആഭ്യന്തര വകുപ്പ് അന്വേഷിക്കുമെന്ന് എൽഡിഎഫ് യോഗത്തിനു ശേഷം എൽഡിഎഫ് കണ്വീനർ ടി.പി. രാമകൃഷ്ണൻ പറയുന്പോൾ, ഇതുസംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് നിർണായകമാകുമെന്നാണ് കരുതപ്പെടുന്നത്.
മേയ് മാസത്തിൽ തൃശൂരിൽ ആർഎസ്എസ് ദേശീയ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി സ്വകാര്യ വാഹനത്തിലെത്തി കൂടിക്കാഴ്ച നടത്തിയെന്നും ഇത് ഔദ്യോഗിക പദവികളുമായി ബന്ധപ്പെട്ട സ്വകാര്യ ആവശ്യത്തിനായിരുന്നുവെന്നും ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു.
അടുത്ത മാസം തിരുവനന്തപുരം കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ആർഎസ്എസ് നേതാവ് റാം മാധവിനെ കണ്ടതും വ്യക്തമാക്കി റിപ്പോർട്ട് ചെയ്തു. എഡിജിപിക്കൊപ്പം മറ്റു രണ്ടുപേരും ആർഎസ്എസ് സംസ്ഥാന നേതാവും ഉണ്ടായിരുന്ന കാര്യവും അറിയിച്ചു. എന്നാൽ, ഇക്കാര്യത്തിലൊന്നും തുടർ നടപടികൾ സർക്കാർ തലത്തിൽ സ്വീകരിച്ചില്ല.
ആഭ്യന്തര വകുപ്പ് അന്വേഷിക്കുമെന്നു പ്രഖ്യാപിക്കുന്പോൾ, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാകണം അന്വേഷിക്കേണ്ടത്. എന്നാൽ, സംസ്ഥാന പോലീസ് മേധാവിയെ കൊണ്ട് അന്വേഷിപ്പിക്കാനാണ് ശ്രമമെന്നും സൂചനയുണ്ട്.
പി.വി. അൻവറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി എം.ആർ. അജിത്കുമാറിനെ അടുത്തയാഴ്ച നോട്ടീസ് കൊടുത്തു വിളിച്ചുവരുത്തി പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും. ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാകും അജിത്കുമാറിന്റെ മൊഴി രേഖപ്പെടുത്തുക.