ആര്‍എസ്എസിന്റെ പേരില്‍ ഭയം സൃഷ്ടിക്കുന്നു: പി.കെ. കൃഷ്ണദാസ്
Thursday, September 12, 2024 4:18 AM IST
കൊച്ചി: ആര്‍എസ്എസിന്റെ പേരില്‍ എൽഡിഎഫും യുഡിഎഫും മുസ്ലിംകള്ക്കിടയില് ഭയാശങ്ക സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്.
ഭരണകക്ഷി എംഎല്‍എ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും അതിനെതിരേ ശബ്ദിക്കാതെ എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത് വലിയ പ്രശ്നമാക്കി മാറ്റാന്‍ പ്രതിപക്ഷ നേതാവും, കോണ്‍ഗ്രസ്- ആര്‍എസ്എസ് ബന്ധം പറഞ്ഞ് അതിനെ പ്രതിരോധിക്കാൻ മുഖ്യമന്ത്രിയും ശ്രമിക്കുന്നുവെന്നും കൃഷ്ണദാസ് ആരോപിച്ചു.
മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണു പ്രതിപക്ഷനേതാവ് ശ്രമിക്കുന്നത്. കൊലപാതകം, അഴിമതി, സ്വര്‍ണക്കടത്ത്, ഫോണ്‍ ചോര്‍ത്തല്‍ എന്നീ ആരോപണങ്ങളില്‍നിന്ന് മുഖ്യമന്ത്രിക്കു സംരക്ഷണം നല്കുന്ന വി.ഡി. സതീശന് പിണറായി വിജയന്റെ ഗോള്‍ കീപ്പറായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി എറണാകുളം ജില്ലാ ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസ്ഥാന വക്താവ് നാരായണന് നമ്പൂതിരി, ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു തുടങ്ങിയവരും പങ്കെടുത്തു.