ഭസ്മക്കുളം നിര്‍മാണം: പെരിയാര്‍ ദേശീയപാര്‍ക്ക് ഡെപ്യൂട്ടി ഡയറക്ടറെ കക്ഷിചേര്‍ത്തു
Thursday, September 12, 2024 3:06 AM IST
കൊച്ചി: ശബരിമലയിലെ പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം സംബന്ധിച്ച ഹര്‍ജിയില്‍ ഹൈക്കോടതി പെരിയാര്‍ കടുവാസങ്കേതം ദേശീയപാര്‍ക്ക് ഡെപ്യൂട്ടി ഡയറക്ടറെ സ്വമേധയാ കക്ഷിചേര്‍ത്തു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ശബരിമല ഉന്നതാധികാര സമിതിയും ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി ഒക്ടോബര്‍ മൂന്നിനു പരിഗണിക്കാന്‍ മാറ്റി. ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന് അധ്യക്ഷനായ ദേവസ്വം ബെഞ്ചാണു വിഷയം പരിഗണിക്കുന്നത്.
സ്വമേധയാ എടുത്ത കേസില്‍ നേരത്തേ ഭസ്മക്കുളം നിർമാണം ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കേണ്ട ഉന്നതാധികാര സമിതിയെപ്പോലും അറിയിക്കാതെയാണു തീരുമാനമെന്ന് വിലയിരുത്തിയായിരുന്നു ഇടക്കാല ഉത്തരവ്.
പുതിയ കുളത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണു ഹൈക്കോടതി ദേവസ്വം ബെഞ്ച് സ്വമേധയാ കേസെടുത്തത്.
നിലവിലെ ഭസ്മക്കുളം മണ്ണിട്ടു മൂടി നിർമാണ പ്രവര്‍ത്തനങ്ങള്‍ നടത്തി തത്സ്ഥാനത്ത് കുളം നിർമിക്കണമെന്ന് നേരത്തെ ദേവപ്രശ്നത്തില്‍ കണ്ടിരുന്നുവെന്നും പുതിയ കുളത്തിനെ ഭസ്മക്കുളമെന്നു വിളിക്കരുതെന്നും ചൂണ്ടിക്കാട്ടിയാണ് പരാതികള്‍ ഉയര്‍ന്നത്.
ഇപ്പോഴുള്ള ഫ്ലൈ ഓവറിനു താഴെയാണ് ആദ്യ ഭസ്മക്കുളത്തിന്റെ സ്ഥാനം. നിലവിലെ കുളം മലിനീകരിക്കപ്പെടുന്നുവെന്ന കാരണത്താലാണു പുതിയത് നിർമിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തത്.