ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തൽ; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി
Wednesday, September 11, 2024 2:17 AM IST
കൊച്ചി: സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ചു പഠനം നടത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘത്തിനു (എസ്ഐടി) കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്.
റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്നും വിശദമായി പഠിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുക്കാന്‍ കഴിയുമോയെന്ന കാര്യം അന്വേഷണസംഘം കോടതിയെ അറിയിക്കണമെന്നും ജസ്റ്റീസുമാരായ എ.കെ. ജയശങ്കര്‍ നമ്പ്യാര്‍, സി.എസ്. സുധ എന്നിവരടങ്ങിയ പ്രത്യേക ഡിവിഷന് ബെഞ്ച് നിർദേശം നല്കി.
2019ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിടുകയോ നടപടിയെടുക്കുകയോ ചെയ്യാതിരുന്ന സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി, തുടര്‍ന്നാണ് മുഴുവന്‍ റിപ്പോര്‍ട്ടും അന്വേഷണ സംഘത്തിനു കൈമാറാന്‍ ഉത്തരവിട്ടത്.
കോടതി നിര്‍ദേശപ്രകാരം സമര്‍പ്പിക്കാനായി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവച്ച കവറില്‍ കൈവശമുള്ളതായി സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. എന്നാല്‍, റിപ്പോര്‍ട്ട് തത്കാലം സര്‍ക്കാര്‍തന്നെ സൂക്ഷിക്കാനും ആവശ്യമുള്ളപ്പോള്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കോടതി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരേ നിര്‍മാതാവ് സജിമോന്‍ പാറയില്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയരായവര്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടു പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് തുടങ്ങിയവരടക്കം നല്കിയ ഹര്‍ജികളാണു പ്രത്യേക ബെഞ്ചിന്റെ പരിഗണനയിലുള്ളത്
സര്‍ക്കാരിനും ഡിജിപിക്കും മുന്നില്‍ റിപ്പോര്‍ട്ട് ഉണ്ടായിട്ടും കുറ്റകൃത്യം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കാന്‍ ബാധ്യതയുണ്ടായിട്ടും സര്‍ക്കാര്‍ അതു ചെയ്തില്ലെന്ന് കോടതി വിമര്‍ശിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് എന്തു ചെയ്യാന്‍ കഴിയുമെന്ന കാര്യം വിശദമായി പഠിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയ ശേഷമാണ് പ്രത്യേക അന്വേഷണസംഘത്തിന് റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം കൈമാറാന്‍ നിര്‍ദേശിച്ചത്.
രണ്ടാഴ്ചയ്ക്കകം നടപടി റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുകയും സര്‍ക്കാര്‍ അതു കോടതി മുമ്പാകെ സമര്‍പ്പിക്കുകയും വേണം. ഹര്‍ജി വീണ്ടും ഒക്ടോബര്‍ പത്തിനു പരിഗണിക്കാന്‍ മാറ്റി. അന്വേഷണസംഘത്തിന്റെ നടപടിയറിഞ്ഞിട്ടേ മുദ്രവച്ച കവര്‍ കോടതി തുറക്കൂവെന്ന് ഡിവിഷന് ബെഞ്ച് വാക്കാല്‍ വ്യക്തമാക്കി.
അതിനിടെ, റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മാധ്യമങ്ങൾക്കു തടയിടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. അന്വേഷണസംഘം മാധ്യമങ്ങള്‍ക്കു വാര്‍ത്ത നല്‍കുകയോ പരാതിക്കാരുടെയോ പ്രതികളുടെയോ വിവരങ്ങള്‍ പുറത്തുവിടുകയോ ചെയ്യരുത്.
എന്നാല്‍, റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നവരുടെ പേരടക്കം പറയാതെ അന്വേഷണപുരോഗതി വെളിപ്പെടുത്തുന്നതില്‍ തടസമില്ല. മാധ്യമങ്ങളും ഇത്തരം കാര്യങ്ങളില്‍ ഇരയുടെയും ആരോപണവിധേയന്റെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിച്ചു വേണം വാര്‍ത്തകള്‍ നല്‍കാനെന്നും കോടതി നിർദേശിച്ചു.