സ്പീക്കറുടെ ആര്‍എസ്എസ് അനുകൂല പരാമര്‍ശം; ഇടതില്‍ ഭിന്നത
Wednesday, September 11, 2024 2:17 AM IST
കോഴിക്കോട്: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്. അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതു സംബന്ധിച്ച് ഇടതുപക്ഷത്ത് ഭിന്നത രൂക്ഷമാകുന്നു.
അജിത്കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷിക്കുമ്പോള്‍ അദ്ദേഹത്തിനു പിന്തുണയുമായി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എത്തിയതു സിപിഎമ്മിലും ഇടതുമുന്നണിയിലും വലിയ ഞെട്ടലുണ്ടാക്കി.
ഷംസീറിന്റെ ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തിനെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. ഷംസീര്‍ എന്തടിസ്ഥാനത്തിലാണ് ആര്‍എസ്എസിനെ ന്യായീകരിച്ചതെന്ന ചോദ്യമാണ് ഇടതുപക്ഷ നേതാക്കള്‍ ഉയര്‍ത്തുന്നത്.
കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിക്ക് എത്തിയപ്പോഴാണ്, എഡിജിപി എം.ആര്. അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതിനെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ന്യായീകരിച്ചത്.
ആര്‍എസ്എസ് രാജ്യത്തെ ഒരു പ്രധാന സംഘടനയാണെന്നും അതിന്റെ നേതാക്കളെ എഡിജിപി കണ്ടതില്‍ എന്താണു തെറ്റെന്നുമായിരുന്നു സ്പീക്കറുടെ പരാമര്‍ശം.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വധിക്കപ്പെട്ടതിന്റെ പേരില്‍ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ് എന്ന് ഓര്‍മപ്പെടുത്തിയാണ് ഷംസീറിനു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി കൊടുത്തത്.
ഷംസീറിനെപ്പോലെ ഒരാള്‍ ഇത്തരം പരാമര്‍ശം നടത്തരുതായിരുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. ""അത് ഒരുപാട് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ആര്എസ്എസിനുണ്ടെന്നു പറയുന്ന ഈ പ്രാധാന്യം ഇടതുപക്ഷത്തിനു ബോധ്യപ്പെട്ട പ്രാധാന്യമല്ല. ഇടതുപക്ഷത്തിനു ബോധ്യപ്പെടാത്തതൊന്നും ഇടതുപക്ഷ നേതാക്കള്‍ പറയാന്‍ പാടില്ല.
എഡിജിപി ഇതുപോലൊരു സമ്പര്‍ക്കത്തിന്റെ പാലം എന്തിനു പണിയണം’’-ബിനോയ് വിശ്വം ചോദിച്ചു. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതിലുള്ള വിമര്‍ശനവും അദ്ദേഹം ആവര്‍ത്തിച്ചു.