പി.കെ. ശശിയുടേത് നീചപ്രവൃത്തി: എം.വി. ഗോവിന്ദൻ
Wednesday, September 11, 2024 2:17 AM IST
പാലക്കാട്: മുൻ എംഎൽഎ പി.കെ. ശശിക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ രൂക്ഷവിമർശനം. ശശിയുടെ ഭാഗത്തുനിന്നുണ്ടായതു നീചപ്രവൃത്തിയാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
ഇന്നലെ പാലക്കാട്ടു നടന്ന മേഖലാ റിപ്പോർട്ടിംഗിലായിരുന്നു കടുത്ത വിമർശനവുമായി സംസ്ഥാന സെക്രട്ടറിതന്നെ രംഗത്തെത്തിയത്. സാന്പത്തിക ക്രമക്കേടു മാത്രമല്ല ശശിക്കെതിരേ ഉയർന്ന പരാതി. സിപിഎം ജില്ലാ സെക്രട്ടറിയെ പീഡനവിവാദങ്ങളിൽ പ്രതിയാക്കാൻ ശ്രമിച്ചെന്നും വിമർശനമുയർന്നു.
പി.കെ. ശശിക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നു. ഇതോടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളും പി.കെ. ശശിക്കു നഷ്ടമായി. പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ശശിക്ക് ഇനി പാർട്ടിയുടെ പ്രാഥമികാംഗത്വം മാത്രമാണുണ്ടാകുക.
ശശിക്കെതിരേ നടത്തിയ അന്വേഷണത്തിൽ ഗുരുതര അച്ചടക്കലംഘനമാണു പാർട്ടി കണ്ടെത്തിയത്. കമ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത സാന്പത്തിക തിരിമറിയും സ്വജനപക്ഷപാതപരമായ നിലപാടും ശശി സ്വീകരിച്ചുവെന്നാണ് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം.
ശശിയുടെ പ്രവർത്തനം പാർട്ടിയോടു ചർച്ചചെയ്യാതെയാണെന്നും മണ്ണാർക്കാട് യൂണിവേഴ്സൽ സഹകരണ കോളജിനായി പണംപിരിച്ചതു പാർട്ടിയെ അറിയിച്ചില്ലെന്നും ആരോപിക്കപ്പെട്ടിരുന്നു.
ഏരിയ കമ്മിറ്റി ഓഫീസ് നിർമാണഫണ്ട് സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയത് വീഴ്ചയാണ്. സഹകരണ ബാങ്കുകളിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്നും സിപിഎം ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു.