ഭൂമി തരംമാറ്റം: സർക്കാർ വാദം അംഗീകരിച്ചാൽ അധികഭാരമാകും
Sunday, December 3, 2023 1:28 AM IST
തിരുവനന്തപുരം: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി താത്കാലികമായി സ്റ്റേ ചെയ്തെങ്കിലും ഇക്കാര്യത്തിലെ സർക്കാർ തീരുമാനം അന്തിമവിധിയിലും കോടതി അംഗീകരിച്ചാൽ ജനങ്ങൾക്ക് അധികഭാരമാകും. അതേസമയം, സർക്കാർ തീരുമാനം കോടതി അംഗീകരിച്ചാൽ റവന്യു വകുപ്പിനും സംസ്ഥാന സർക്കാരിനും അധികവരുമാനവുമാകും.
നിലവിൽ 25 സെന്റ് വരെ ഭൂമിയുടെ തരംമാറ്റം സൗജന്യമാണ്. 25 സെന്റിനു മുകളിൽ ഒരു ഏക്കർ വരെ ന്യായവിലയുടെ 10 ശതമാനം അടയ്ക്കണം. 25 സെന്റിനു മുകളിലുള്ളവർക്ക് ഒരു സെന്റ് മുതലുള്ള മൊത്തം ഭൂമിയും ക്രമപ്പെടുത്താൻ 10 ശതമാനം തുക അടയ്ക്കണമെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചാലാണു ജനങ്ങൾക്ക് അധികഭാരമാകുക. സർക്കാരിന് അധികവരുമാനവും.
ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തെങ്കിലും ഭൂമി തരംമാറ്റ അപേക്ഷകളിൽ നിലവിലുള്ള നടപടികൾ തുടരുമെന്നാണു റവന്യു അധികൃതർ പറയുന്നത്. നിലവിൽ 2.48 ലക്ഷം ഓണ്‍ലൈൻ അപേക്ഷകളാണുള്ളത്. പ്രതിദിനം ഇപ്പോഴും 200 മുതൽ 400 വരെ അപേക്ഷകൾ ലഭിക്കുന്നുണ്ട്.
25 സെന്റ് വരെയുള്ള ഭൂമി സൗജന്യമായി തരം മാറ്റി നൽകാമെന്നും അധികഭൂമിക്കു മാത്രം ഫീസ് ഈടാക്കിയാൽ മതിയെന്നുമായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അതേത്തുടർന്നാണ് കഴിഞ്ഞദിവസം ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തത്.