എ.എ. റഹീം എംപിക്കും സ്വരാജിനും തടവും പിഴയും ശിക്ഷ
Sunday, December 3, 2023 1:28 AM IST
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ നയങ്ങൾക്കെതിരേ നടത്തിയ പ്രതിഷേധ മാർച്ചിലുണ്ടായ അക്രമങ്ങളുടെ പേരിൽ എ.എ.റഹീം എംപിക്കും സിപിഎം സംസ്ഥാന സമിതി അംഗം എം. സ്വരാജിനും ഓരോ വർഷം തടവും 7,700 രൂപ വീതം പിഴയും ശിക്ഷ. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് ശ്വേതാ ശശികുമാർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2014 ജൂലൈ 14ന് 150 പേരോളം വരുന്ന എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമത്തിലേക്കു തിരിയുകയായിരുന്നു. ഇതിലൂടെ 74,280 രൂപയുടെ നഷ്ടമുണ്ടായെന്നാണ് പോലീസ് കേസ്.
പത്തു പ്രതികളുള്ള കേസിൽ സ്വരാജ് ആറാം പ്രതിയും റഹീം ഏഴാം പ്രതിയുമാണ്. മറ്റ് എട്ടു പ്രതികൾ കോടതിയിൽ ഹാജരാകാത്തതിനാൽ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല.