വീട്ടമ്മയെ കബളിപ്പിച്ച് 1.12 കോടി തട്ടിയ നാലു പേർ പിടിയിൽ
Tuesday, September 26, 2023 6:15 AM IST
തിരുവനന്തപുരം: എറണാകുളം സ്വദേശിനിയായ വീട്ടമ്മയിൽനിന്ന് ഓണ്ലൈൻ ലോട്ടറിയുടെ പേരിൽ 1.12 കോടി രൂപ തട്ടിയെടുത്ത ഉത്തരേന്ത്യക്കാരായ നാലു പേരെ സംസ്ഥാന ക്രൈംബ്രാഞ്ച് സാന്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക സംഘം റാഞ്ചിയിൽനിന്ന് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശികളായ ജ്യോതിഷ് കുമാർ, മോഹൻകുമാർ, അജിത് കുമാർ, റാഞ്ചി സ്വദേശി നീരജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽനിന്ന് 28 മൊബൈൽ ഫോണുകൾ, 85 എടിഎം കാർഡ്, 8 സിം കാർഡ്, ലാപ്ടോപ്പ്, വിവിധ ബാങ്കുകളുടെ ചെക്കുകളും പാസ് ബുക്കുകളും എന്നിവ കൂടാതെ 1.25 ലക്ഷം രൂപയും കണ്ടെടുത്തു. പ്രതികളെ റാഞ്ചി കോടതിയിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കി എറണാകുളം കോടതിയിൽ എത്തിക്കും.
സ്നാപ്ഡീലിന്റെ ഉപഭോക്താക്കൾക്കായി സ്നാപ്ഡീൽ ലക്കി ഡ്രോ എന്ന പേരിൽ നടത്തിയ നറുക്കെടുപ്പിൽ 1.5 കോടി രൂപ സമ്മാനം ലഭിച്ചെന്ന് വീട്ടമ്മയെ വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്. സമ്മാനത്തുക ലഭിക്കുന്നതിനായി സർവീസ് ചാർജ് ഇനത്തിൽ പലപ്പോഴായി പ്രതികൾ വീട്ടമ്മയിൽ നിന്ന് 1. 12 കോടി രൂപ വിവിധ അക്കൗണ്ട ു കളിലൂടെ തട്ടിയെടുക്കുകയായിരുന്നു.
ഇങ്ങനെ ലഭിക്കുന്ന പണം ഉടൻ മറ്റ് അക്കൗണ്ടുകളിലൂടെ എടിഎം കാർഡ് വഴി പിൻവലിക്കുകയും ക്രിപ്റ്റോകറൻസി ആക്കി മാറ്റുകയുമാണ് തട്ടിപ്പു രീതി. പ്രതികൾ രാജ്യത്തുടനീളം തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇന്റർനെറ്റ് ബാങ്കിംഗിന്റെ പാസ്വേഡ് കൈക്കലാക്കുന്ന പ്രതികൾ യഥാർഥ അക്കൗണ്ട് ഉടമകളുടെ ഫോണ് നന്പറുകൾക്ക് പകരം സ്വന്തം ഫോണ് നന്പർ, അക്കൗണ്ടിൽ ബന്ധിപ്പിക്കും.
അതിനാൽ അക്കൗണ്ട് ഉടമ തട്ടിപ്പ് അറിയില്ല. ഇങ്ങനെ ലഭിക്കുന്ന പണം ആഡംബര ജീവിതം നയിക്കുന്നതിനും വിലയേറിയ ഫോണുകളും വാഹനങ്ങളും വാങ്ങുന്നതിനുമാണ് ചെലവഴിച്ചത്. ക്രൈംബ്രാഞ്ച് സാന്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ എറണാകുളം യൂണിറ്റ് ആയിരത്തോളം ഫോണ് നന്പറുകളും അഞ്ഞൂറോളം മൊബൈൽ ഫോണ് രേഖകളും 250 ബാങ്ക് അക്കൗണ്ട് രേഖകളും പരിശോധിച്ചാണ് പ്രതികൾ റാഞ്ചിയിലുണ്ടെന്ന് മനസിലാക്കിയത്.
കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ വീട്ടമ്മ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ചിന്റെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസ് കൈമാറുകയായിരുന്നു.
സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിഐജി ജെ. ജയനാഥിന്റെ മേൽനോട്ടത്തിൽ എസ്പി എം. ജെ. സോജൻ, ഡിവൈഎസ്പി വി. റോയ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.