ഇ- ഹെൽത്ത് ആപ് വിശ്രമത്തിലാണ്!
സിജോ പൈനാടത്ത്
Saturday, September 23, 2023 2:47 AM IST
കൊച്ചി: സർക്കാർ ആശുപത്രികളിലെ സേവനങ്ങൾ എളുപ്പത്തിൽ ജനങ്ങൾക്കു ലഭ്യമാക്കാൻ സഹായിച്ചിരുന്ന ഇ- ഹെൽത്ത് പദ്ധതിയിലെ മൊബൈൽ ആപ് (മീ ആപ്) പണിമുടക്കി. മൊബൈൽ ഫോൺ ആപ്ലിക്കേഷൻ വഴി ആശുപത്രികളിലെ ഒപി ടിക്കറ്റ് എടുക്കുന്നതിനും അനുബന്ധ സേവനങ്ങൾക്കും സഹായകമായിരുന്ന സംവിധാനമാണ് സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങി നിലച്ചത്.
മെഡിക്കൽ കോളജുകൾ മുതൽ തെരഞ്ഞെടുക്കപ്പെട്ട സാമൂഹ്യ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വരെ ഒപി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മീ ആപിലൂടെ സാധിച്ചിരുന്നു. 2020 നവംബർ നാലിനാണ് സർക്കാർ ആപ് അവതരിപ്പിച്ചത്. ഒരു വർഷത്തിലധികം സേവനം ലഭ്യമാക്കിയ ആപ് അതിനുശേഷം തടസപ്പെടുകയായിരുന്നു.
ആശുപത്രികളിൽ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടിവന്ന രോഗികൾക്ക് ആശ്വാസമായിരുന്നു ആപ്പിന്റെ സേവനമെന്ന് പൊതുപ്രവർത്തകനായ രാജു വാഴക്കാല ചൂണ്ടിക്കാട്ടി. മീ ആപ് ഇപ്പോഴും പ്ലേ സ്റ്റോറിൽ ഉണ്ടെങ്കിലും സേവനം ലഭിക്കുന്നില്ല. സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ഇ-ഹെൽത്ത് പദ്ധതിയിലെ മീ ആപ് സേവനം നിലച്ചതെന്ന് ഇ-ഹെൽത്ത് കേരള (ഡിജിറ്റൽ ഹെൽത്ത് മിഷൻ) മാനേജർ എൻ. സൺദേവ് പറഞ്ഞു. ഓൺലൈനായി ഡോക്ടർമാരെ കാണുന്നതിനുള്ള സൗകര്യംകൂടി ഉൾപ്പെടുത്തി ആപിന്റെ നവീകരിച്ച പതിപ്പ് തയാറാക്കാനുള്ള ശ്രമത്തിലാണ് ഡിജിറ്റൽ ഹെൽത്ത് മിഷനെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇ -ഹെൽത്ത് പോർട്ടലിൽ യൂണിക് ഹെൽത്ത് ഐഡി നിർമിച്ചു സർക്കാർ ആശുപത്രികളിൽ ഓൺലൈൻ അപ്പോയ്ന്റ്മെന്റ് എടുക്കാനുള്ള സൗകര്യം നിലവിലുണ്ട്. പോർട്ടലിൽ ആധാര്‍ നമ്പറും ഫോൺ നന്പറും നൽകി രജിസ്ട്രേഷൻ നടത്തണം. ലഭിക്കുന്ന ഒടിപി പ്രകാരം 16 അക്ക ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭിക്കും. തിരിച്ചറിയല്‍ നമ്പറും പാസ് വേഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയ്ന്റ്മെന്റ് എടുക്കാനാകും. സംസ്ഥാനത്തെ 509 ആശുപത്രികളിൽ മാത്രമാണു നിലവിൽ ഈ സൗകര്യമുള്ളത്.