വിവാദ ബില്ലുകൾ പരിഗണിക്കാതെ ഗവർണർ
സ്വന്തം ലേഖകൻ
Saturday, September 23, 2023 2:32 AM IST
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ മടങ്ങിയെത്തി ഒരാഴ്ച പിന്നിട്ടിട്ടും പരിഗണനയ്ക്കായി സർക്കാർ സമർപ്പിച്ച വിവാദ ബില്ലുകളും മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസിനെ നിയമിക്കാനുള്ള ശിപാർശയും പരിഗണിച്ചില്ല. കഴിഞ്ഞയാഴ്ച സമാപിച്ച നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ ബില്ലുകളിൽ അടിയന്തരപ്രാധാന്യമുള്ള രണ്ടു ബില്ലുകളിൽ മാത്രമാണ് ഗവർണർ ഒപ്പുവച്ചത്.
മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി സർക്കാർ ശിപാർശ ചെയ്ത ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് മണികുമാറിനെതിരേ ഗവർണർക്കു മുന്നിൽ പരാതികൾ നിലവിലുണ്ട്. ഇതിൽ സർക്കാരിനോടു വിശദീകരണം തേടുമെന്നു നേരത്തേ പ്രചരണമുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ സർക്കാരിനോടു വിശദീകരണം തേടിക്കൊണ്ട് ഒരു ഫയൽ പോലും രാജ്ഭവനിൽനിന്നു ചീഫ് സെക്രട്ടറിയുടെ പക്കലേക്കു പോയിട്ടില്ല. ഇക്കാര്യത്തിൽ നിയമനാധികാരിയായ ഗവർണർക്ക് നിലപാടു സ്വീകരിക്കാൻ കഴിയുമെന്ന നിയമോപദേശവും ലഭിച്ചിട്ടുണ്ടെന്നാണു വിവരം. മണികുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട ഫയലിൽ ഗവർണർ തീരുമാനമെടുക്കാതിരുന്നാൽ, സർക്കാരാണ് വെട്ടിലാകുന്നത്.
മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ തെരഞ്ഞെടുക്കുന്ന സമിതിയിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വിയോജനക്കുറിപ്പോടെയാണ് ഫയൽ രാജ്ഭവന് അയച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റീസ് എന്ന നിലയിലുള്ള മണികുമാറിന്റെ വിധികൾ ചോദ്യംചെയ്തു മനുഷ്യാവകാശം സംരക്ഷിക്കാൻ അദ്ദേഹത്തിനു കഴിയുമോ എന്ന ചോദ്യമാണ് പരാതികളിൽ പ്രധാനമായി ഉയരുന്നത്.ഹൈക്കോടതി ചീഫ് ജസ്റ്റീസുമാർ വിരമിച്ചാൽ മുഖ്യമന്ത്രിയോ സർക്കാരോ വിരുന്നു നൽകുന്ന പതിവില്ല.
അതിനു വിരുദ്ധമായി മുഖ്യമന്ത്രി പിണറായി വിജയൻ, ജസ്റ്റീസ് മണികുമാറിനു കോവളത്തു വിരുന്നൊരുക്കിയതും പരാതിയിലുണ്ട്. ഇതിനാൽ മണികുമാറിന്റെ നിയമന ഫയൽ ഗവർണർ തത്കാലം മാറ്റിവയ്ക്കാനാണു സാധ്യത. മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷന്റെ അധികചുമതലയിൽ ജുഡീഷൽ അംഗം നിലവിലുണ്ട്.
നിയമസഭ പാസാക്കി സമർപ്പിച്ച ആശുപത്രികൾക്കും ആശുപത്രി ജീവനക്കാർക്കും സംരക്ഷണം നൽകുന്ന ആരോഗ്യസംരക്ഷണ ഭേദഗതി ബില്ലും സംസ്ഥാനത്തു മൂന്നു ചരക്കു സേവന നികുതി ട്രൈബ്യൂണലുകൾ സ്ഥാപിക്കുന്നതിനുള്ള നികുതി നിയമ ഭേദഗതി ബില്ലുമാണു ഗവർണർ അംഗീകരിച്ചത്. നിലവിൽ പത്തിലേറെ പഴയ ബില്ലുകൾ ഗവർണറുടെ അനുമതിക്കായി രാജ്ഭവന്റെ പരിഗണനയിലുണ്ട്.
ഇതുകൂടാതെ നിയമസഭ പാസാക്കിയ ഇടുക്കിയിലെ ഭൂമി ക്രമപ്പെടുത്തുന്നതിനുള്ള ഭൂപതിവു ഭേദഗതി ബിൽ അടക്കം ഗവർണർക്കു മുന്നിലെത്താനുണ്ട്. ഇതിലെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാകും ഗവർണർ തീരുമാനമെടുക്കുക.