കൊടുങ്ങല്ലൂർ താലപ്പൊലിക്ക് ഇന്നു തുടക്കം
1494785
Monday, January 13, 2025 1:32 AM IST
കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് മകര സംക്രമ ദിനമായ ഇന്ന് വൈകീട്ട് ആറിന് 1001 കതിന വെടികളോടെ തുടക്കമാകും. 17 വരെ നടക്കുന്ന ആഘോഷങ്ങൾക്ക് വേണ്ടതായ ഒരുക്കങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡും, ക്ഷേത്ര ഉപദേശക സമിതിയും സംയുക്തമായി നടത്തിയിട്ടുണ്ട്.
ഒന്നാം താലപ്പൊലി പതിവുപോലെ ഒന്നുകുറെ ആയിരം യോഗത്തിന്റെ സമർപ്പണമായി നടത്തുന്നതാണ്. ഒന്നാം താലപ്പൊലി ദിനമായ 14ന് കുടുംബികളുടെയും മലയരയന്മാരുടേയും പ്രത്യേക ചടങ്ങുകൾ നടക്കും.
ഒന്നാം ദിവസവും, നാലാം ദിവസവും, ഉച്ചയ്ക്കും രാത്രിയിലും ഒന്നിനും. രണ്ട്, മൂന്ന് താലപ്പൊലി ദിവസങ്ങളിൽ രണ്ടിനും കുരുംബ അമ്മയുടെ നടയിൽ നിന്നും പഞ്ചവാദ്യം, പാണ്ടിമേളം, അടന്ത, പഞ്ചാരിമേളം എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടങ്ങും.
മൂന്നാം താലപ്പൊലി നാളിലെ രാത്രി എഴുന്നള്ളിപ്പ് ഒൻപതോടെ പതിനെട്ടരയാളം കോവിലകത്ത് നിന്ന് ആരംഭിച്ച് ഉണ്ണിപറമ്പത്ത് പടിയിലെ ഇറക്കി പൂജയ്ക്ക് ശേഷം പുലർച്ചയോടെ ക്ഷേത്രത്തിലെത്തും. മൂന്നാം താലപ്പൊലി നാളിൽ രാത്രി കുരുംബാമ്മയ്ക്ക് ഗുരുതിപൂജയും ഉണ്ടായിരിക്കും.
അഞ്ച് ദിവസങ്ങളിലും തെക്കേ നടയിലെ പ്രധാന വേദിയിലും, നവരാത്രി മണ്ഡപത്തിലുമായി വിവിധ കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. നാലു ദിവസങ്ങളിലും, വൈകുന്നേരം ഇറക്കി എഴുന്നള്ളിപ്പിനുശേഷം കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കും. സംക്രാന്തി നാളിലെ കലാപരിപാടികൾ സമർപ്പിക്കുന്നത് കുഡുംബി സമുദായമാണ്.
രണ്ടാം താലപ്പൊലി നാളിലെ കരിമരുന്ന് പ്രയോഗം, കലാപരിപാടികൾ എന്നിവ സമർപ്പിക്കുന്നത് ധീവര സമുദായവും, മൂന്നാം താലപ്പൊലി നാളിലെ കരിമരുന്ന് പ്രയോഗം, കലാപരിപാടികൾ എന്നിവ സമർപ്പിക്കുന്നത് കൊടുങ്ങല്ലൂരിലെ ശ്രീനാരാണീയ സ്ഥാപനങ്ങളുടെ ഓർഗനൈസേഷനുമാണ്.
ഭക്തജനങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് മുനിസിപ്പാലിറ്റിയും വിവിധ സർക്കാർ വകുപ്പുകളും, സന്നദ്ധ സംഘടനകളും സജ്ജമാണെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ സെക്രട്ടറി എ. വിജയൻ, എം. ബിജു കുമാർ, പ്രദീപ് പോളകുളത്ത്, കെ.വി. മുരളിധരൻ, വേണു വെണ്ണറ എന്നിവർ അറിയിച്ചു.