മുക്കാൽലക്ഷത്തോളം പൂക്കൾ; തൃശൂരിൽ വസന്തോത്സവം
1494506
Sunday, January 12, 2025 12:58 AM IST
സി.ജി. ജിജാസൽ
തൃശൂർ: പനിനീർപ്പൂക്കളുടെയും തായ്ലൻഡ് പൂക്കളുടെയും നിറപ്പകിട്ടാർന്ന സൗന്ദര്യക്കാഴ്ചകൾ സമ്മാനിച്ചിട്ടുള്ള ഗ്രീൻ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ പ്രഥമപുഷ്പമേള തൃശൂരിൽ ശ്രദ്ധേയമാകുന്നു.
പൂരങ്ങളുടെ നാട്ടിൽ പൂക്കളുടെ വർണോത്സവം തീർക്കുന്ന പുഷ്പമേളയിൽ സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി ഏകദേശം മുക്കാൽലക്ഷത്തോളം പൂച്ചെടികളാണ് ഇടംപിടിച്ചിരിക്കുന്നത്. തായ്ലൻഡ്, ഇന്തോനേഷ്യ, ചൈന എന്നിവിടങ്ങളിൽനിന്നുമാണ് കൂടുതൽ പൂക്കളും. ഇതിൽ കറുപ്പിൽ മഞ്ഞ ഡിസൈനിലുള്ള റോയൽ ബ്ലാക്ക് റോസും വെൽവെറ്റ് പോലെ തിളങ്ങുന്ന ബ്ലാക്ക് റോസും നേരിയ മഞ്ഞയും റോസും കലർന്ന ജുമീലിയ റോസും സന്ദർശകരെ ഏറെ ആകർഷിക്കുന്നു.
ഇന്തോനേഷ്യയിൽനിന്നുള്ള ഗോൾഡൻ സൈപ്രസ്, കുറുക്കുമാ, അഡീനിയം, കേരളത്തിൽനിന്നുള്ള വിവിധതരം ആന്പലുകൾ എന്നിവയും കണ്ണിനു കുളിർമയേകുന്നു. ഒരിക്കൽ പൂവിട്ടാൽ ഒന്നരമാസത്തോളം കൊഴിയാതെ നിൽക്കുന്ന, ഒറ്റനോട്ടത്തിൽ പ്ലാസ്റ്റിക് പൂവാണെന്നു തെറ്റിദ്ധരിക്കപ്പെടുന്ന അമേരിക്കൻ ലില്ലിയം, പന്തുപോലെയുള്ള പോളണ്ട് ജമന്തി, ഓർക്കിഡുകൾ, ഹൈബ്രിഡ് ചെന്പരത്തികൾ, ബോഗെയ്ൻവില്ലകൾ, ഡയാന്തസുകൾ എന്നിവയും ഇവിടെ കാണാം. മേളയുടെ പ്രവേശനകവാടത്തിൽതന്നെ ആർട്ടിസ്റ്റ് മനോജ് മുണ്ടപ്പാട്ട് പിവിസി പൈപ്പുകളിലും കടലാസിലും തീർത്ത ഗാന്ധിയുടെ ഇൻസ്റ്റലേഷനും ശ്രദ്ധേയമാണ്. ഒറ്റനോട്ടത്തിൽ പൈപ്പുകൾ നിരത്തിവച്ചതാണെന്നു കരുതുമെങ്കിലും എട്ടുമീറ്ററപ്പുറത്തുനിന്നുനോക്കിയാൽ ഗാന്ധിജിയുടെ മുഖം തെളിഞ്ഞുവരുന്ന മായക്കാഴ്ചയും, തിരിച്ചുവച്ച ശില്പമെന്നു തോന്നുമെങ്കിലും ഒരിക്കൽക്കൂടി നോക്കുന്പോൾ കൃത്യമായി തോന്നുന്ന ഈജിപ്തിലെ ഫറവോയുടെ മുഖവും ഉൾപ്പെടെ വ്യത്യസ്തമായ കൗതുകക്കാഴ്ചകൾക്കും കാണാനാകും.
വിനോദത്തിനൊപ്പം വിജ്ഞാനവും പകരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിട്ടുള്ള പുഷ്പമേളയിൽ തൃശൂർ സെന്റ് മേരീസ് കോളജിന്റെ ഔഷധച്ചെടികളുടെ ശേഖരവും നിരത്തിയിട്ടുണ്ട്. 30 രൂപ മുതൽ 30000 രൂപവരെ വിലവരുന്ന ചെടികളുടെ വില്പനയും ഉണ്ട്. വിയ്റ്റ്നാം കുള്ളൻ, ഡെംഗ് സൂര്യ, വിയ്റ്റ്നാം ഏർളി ഉൾപ്പെടെയുള്ള കുള്ളൻപ്ലാവുകൾ, കുള്ളൻ ഓറഞ്ച്, കുള്ളൻ ആപ്പിൾ തുടങ്ങിയ ഫലച്ചെടികൾ കാണാനും വാങ്ങാനും അവസരമുണ്ട്.
ശില്പശാലകൾ, വിവിധ മത്സരങ്ങൾ, ഫുഡ്കോർട്ടുകൾ, റോബോട്ടിക് ഷോ, പെറ്റ് ഷോ എന്നിവയും വരുംദിവസങ്ങളിൽ മേളയിലുണ്ടാകും. 60 രൂപയാണ് പ്രവേശനഫീസ്. പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കു പ്രവേശനം സൗജന്യമാണ്. ശക്തൻ ഗറിൽ രാവിലെ 10 മുതൽ വൈകീട്ട് ഒൻപതുവരെ നടക്കുന്ന മേള 22 നു സമാപിക്കും.