ഭാവഗായകനു വിടചൊല്ലി ഇരിങ്ങാലക്കുട
1494503
Sunday, January 12, 2025 12:58 AM IST
ഇരിങ്ങാലക്കുട: തന്റെ ഗാനസാമ്രാജ്യത്തിലേക്ക് ആദ്യചുവടുകൾവച്ച സ്കൂള്‍മുറ്റത്ത് പി. ജയചന്ദ്രന് ചേതനയറ്റ ശരീരമായി അവസാനമായി ഒരു വട്ടംകൂടി എത്തി. ഇതിനുമുമ്പ് ഈ സ്കൂള്‍മുറ്റത്ത് അദ്ദേഹം എത്തിയതു തന്റെ പ്രിയ ഗുരുനാഥന് കെ.വി. രാമനാഥന് മാസ്റ്റര്‍ക്ക് അന്തിമോപചാര്പ്പിക്കാനായിരുന്നു.
ഭൗതികശരീരം നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തിയപ്പോള്‍ പൗരപ്രമുഖരടങ്ങുന്ന വന്‍ ജനാവലി തങ്ങളുടെ പ്രിയഗായകനെ ഒരുനോക്കു കാണുവാനെത്തിയിരുന്നു. സ്കൂളിലെ വാര്‍ഷികാഘോഷങ്ങള്‍ക്കായി ഉയര്‍ത്തിയ പന്തലിലേക്കാണ് മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനം വന്നത്. ജയചന്ദ്രന്റെ നിര്യാണത്തെതുടര്‍ന്ന് കഴിഞ്ഞദിവസം നടക്കാനിരുന്ന വാര്‍ഷികാഘോഷപരിപാടികള്‍ മാറ്റിവയ്ക്കുകയായിരുന്നു. എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസുവരെ ഈ സ്കൂളിലായിരുന്നു പഠനം.
ആംബുലന്‍സില്‍നിന്നു മൃതദേഹം പുറത്തേക്കിറക്കിയില്ല. തന്നൊടോപ്പം പഠിച്ചും കളിച്ചും വളര്‍ന്നവര്‍, തന്നിലെ പ്രതിഭയെ പ്രോത്സാഹിപ്പിച്ചവര്‍, കലാരംഗത്തു സൗഹൃദം പുലര്‍ത്തിയിരുന്നവര്‍ തുടങ്ങി മത- സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
മന്ത്രി ഡോ. ആര്. ബിന്ദു, ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് എന്നിവര്‍ തൃശൂരിൽ മൃതദേഹത്തിനൊപ്പം എത്തിയിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാർ, രൂപത വികാരി ജനറാൾമാരായ മോണ്‍. ജോളി വടക്കന്‍, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്, കഥകളി ആചാര്യന് സദനം കൃഷ്ണന്‍കുട്ടി, ചലച്ചിത്രതാരം ഇടവേള ബാബു, മുന്‍ എംപി പ്രഫ. സാവിത്രി ലക്ഷ്മണന്, ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ പാലിയേക്കര, ഐസിഎല്‍ ഫിന്‍കോര്‍പ്പ് എംഡി അഡ്വ. കെ.ജി. അനില്‍കുമാര്‍, കെ.വി. രാമനാഥന്മാസ്റ്ററുടെ ഭാര്യ രാധടീച്ചര്‍, നാഷണല്‍ സ്കൂള്‍ മാനേജര്‍ വി.പി. രാമചന്ദ്രന്, കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, ഡിസിസി മുന്‍ പ്രസിഡന്റ് ജോസ് വള്ളൂര്‍ തുടങ്ങി വിവിധ മേഖലകളില്‍നിന്നുള്ളവര്‍ പ്രിയ ഗായകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.