പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്ത് കേരള കുംഭമേളയ്ക്ക് സമാപനം
1494784
Monday, January 13, 2025 1:32 AM IST
സ്വന്തം ലേഖകൻ
തിരുവില്വാമല: കേരളത്തില്‍ നടന്ന മൂന്നാമത് കുംഭമേളയ്ക്ക് ഭക്തിനിര്‍ഭരമായ സമാപനം. വൈകീട്ട് പാമ്പാടി ഭാരതപ്പുഴ കടവില്‍ നടന്ന സന്യാസി പൂജയില്‍ കേരളത്തിനകത്തും പുറത്തും നിന്നുമായി നൂറോളം സന്യാസിവര്യന്മാർ പങ്കെടുത്തു. നാരായണീയ മഹോത്സവ സമിതി അംഗങ്ങളും മറ്റ് ഭക്തജനങ്ങളും പുഴക്കടവിലെത്തി. ദക്ഷിണ ഭാരതത്തിലെ ആദ്യ മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിന്റെ കാര്‍മികത്വത്തിലാണു ചടങ്ങുകള്‍ നടന്നത്.
തുടര്‍ന്നുനടന്ന നിള ആരതിക്കുശേഷം ഭാരതപ്പുഴയിലെ സ്നാനത്തോടെയാണു കേരള കുംഭമേളയ്ക്കു സമാപനമായത്. നദീസംരക്ഷണം, പരിസ്ഥിതി അവബോധം എന്നീ ലക്ഷ്യങ്ങൾ ഉയര്‍ത്തിപ്പിടിച്ചാണ് ആദിശങ്കര അദ്വൈത അഖാഡയുടെയും വിവിധ ധര്മപ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ വില്വാദ്രിനാഥന്റെ തട്ടകത്തില്‍ കുംഭമേള നടന്നത്.
ഇന്നലെ രാവിലെ നടന്ന ഉദ് ഘാടന സഭയില്‍ പി.ടി. നരേന്ദ്ര മേനോന്, വി.കെ. സോമസുന്ദരന്‍, അഡ്വ. കൃഷ്ണരാജ്, ഡോ. പാലക്കല്‍, ഡോ. ശ്യാമപ്രസാദ്, പാണ്ടിയോട് പ്രഭാകരന്, പ്രമീള ശശിധരന്, സ്വാമി ചന്ദന്‍ മഹാരാജ്, സ്വാമി ബ്രഹ്മാനന്ദ സരസ്വതി, വര്‍ഗീസ് തൊടുപറമ്പില്‍, അനൂപ് രാജ്, എ.സി. ചെന്താമരാക്ഷന്, കല്ലൂര്‍ ബാലന് തുടങ്ങിയവര്‍ പങ്കെടുത്തു. പരിസ്ഥിതി സെമിനാറില്‍ പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥിനികള്‍ ഭാരതപ്പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രോജക്ട് അവതരിപ്പിച്ചു.
സമാപനസമ്മേളനത്തില്‍ തന്ത്രി പനാവൂര്‍ മന പരമേശ്വരന് നമ്പൂതിരി, വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വര്‍ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി, സ്വാമി വിശ്വസായിശ്വരാനന്ദ സരസ്വതി, ശ്രീമദ് നാരായണീയ സമിതി മുഖ്യ ആചാര്യന് സതീഷ് അമ്പാടി, ജയകൃഷ്ണന് നമ്പൂതിരി, പ്രവീണ്‍ പരമേശ്വരന്, മോഹന്‍ദാസ്, സത്യന് ചേറമ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്നാണ് ഏഴുനികളെ സങ്കല്‍പ്പം ചെയ്ത ഏഴ് കുംഭങ്ങളും ഗംഗാജലവും നെഹ്റു കോളജിലെ പ്രധാന വേദിയില്‍നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭാരതപ്പുഴ കടവിലേക്ക് ആനയിച്ചത്. തുടർന്ന് സംന്യാസ പൂജ, നിള ആരതി, പുഴ സംരക്ഷ പ്രതിജ്ഞ എന്നിവയോടെ ഈ വർഷത്തെ കുംഭമേളക്കു സമാപനമായി.