നെല്ലുവായ് വൈകുണ്ഠ ഏകാദശി ഭക്തിസാന്ദ്രം
1494282
Saturday, January 11, 2025 1:24 AM IST
എരുമപ്പെട്ടി: പ്രസിദ്ധമായ നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ആഘോഷിച്ചു. ആയൂർവേദ സ്വരൂപനായ ധന്വന്തരി ഭഗവാനെ തൊഴുത് അനുഗ്രഹം നേടാൻ ആയിരങ്ങൾ ക്ഷേത്രത്തിലെത്തിച്ചേർന്നു. പുലർച്ചെ നാലിന് ആരംഭിച്ച നിർമാല്യ ദർശനത്തോടെയാണ് സ്വർഗവാതിൽ ഏകാദശി ചടങ്ങുകൾക്ക് തുടക്കമായത്.
ഭഗവത്ഗീത പാരായണം, സ്തോത്ര പഞ്ചാശിക പാരായണം, നാരായണീയ പാരായണം എന്നിവ നടന്നു. ഏഴുമുതൽ സംഗീതോത്സവം ആരംഭിച്ചു. 10 ന് പ്രമുഖ സംഗീതജ്ഞർ പങ്കെടുത്ത പഞ്ചരത്ന കീർത്തനാലാപനത്തോടെ നാലുദിവസങ്ങളിലായി നടന്നുവന്നിരുന്ന ധന്വന്തരീ സംഗീതോത്സവത്തിനു സമാപനമായി.
10.30 ന് ആരംഭിച്ച പ്രസാദ ഊട്ടിന് വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഗോതമ്പ് ചോറും പുഴുക്കും രസകാളനും ഗോതമ്പ് പായസവുമാണ് പ്രസാദഊട്ടിലെ വിഭവങ്ങൾ. പാള പാത്രത്തിലാണ് പ്രസാദ ഊട്ട് നൽകുന്നത്്. ഇലയിട്ട് വിളമ്പി കൊടുക്കുവാനുള്ള സൗകര്യവും ഇത്തവണ ഒരുക്കിയിരുന്നു.
ഉച്ചയ്ക്ക് 1.30 മുതൽ പഞ്ചവാദ്യം മേളം എന്നിവയുടെ അകമ്പടിയോടെ കാഴ്ചശീവേലി എഴുന്നെള്ളിപ്പ് ആരംഭിച്ചു. വൈകീട്ട് മൂന്നോടെ കൂട്ടിയെഴുന്നെള്ളിപ്പ് നടന്നു. ഏക്കമില്ലാതെ വഴിപാടായിട്ടാണ് ആനകൾ എഴുന്നെള്ളിപ്പിൽ പങ്കെടുത്തത്. വൈകീട്ട് ആറിന് ദീപാരാധന, സ്പെഷൽ നാദസ്വരം, ഭക്തി ഗാനമേള, രാത്രി 10 ന് വിളക്കെഴുന്നെള്ളിപ്പ്, തായമ്പക, ഡബിൾ തായമ്പക,കേളി, കൊമ്പ്പറ്റ്, കുഴൽപറ്റ്, പഞ്ചവാദ്യം മേളം, നാദസ്വരം എന്നിവ നടന്നു.