രാംനേഷിന്റെ കുടുംബത്തിനു വീടൊരുക്കി കുടുംബശ്രീ കൂട്ടായ്മ
1494507
Sunday, January 12, 2025 12:58 AM IST
തൃശൂർ: അകാലത്തിൽ വിട്ടുപിരിഞ്ഞ സഹപ്രവർത്തകൻ രാംനേഷിന്റെ കുടുംബത്തിനു വീടൊരുക്കി കുടുംബശ്രീ കൂട്ടായ്മ. ഇടുക്കി ജില്ലാ മിഷനിലെ ഫാം ലൈവ്ലിഹുഡ് ജില്ലാ പ്രോഗ്രാം മാനേജരായിരുന്ന രാംനേഷിന്റെ കുടുംബത്തിനു അവണിശേരി പഞ്ചായത്ത് പത്താംവാർഡിലാണു വീടൊരുക്കിയത്. വീടിന്റെ താക്കോൽകൈമാറ്റം പെരിഞ്ചേരി തിരുഹൃദയ പള്ളി പാരിഷ് ഹാളിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. സി.സി. മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ഇടുക്കി ജില്ലാ മിഷനിലെ ഫാം ലൈവ്ലിഹുഡ് ജില്ലാ പ്രോഗ്രാം മാനേജരായിരുന്ന രാംനേഷ് ഒന്നരവർഷംമുന്പാണു തിരുവനന്തപുരത്തു വാഹനാപകടത്തിൽ മരിച്ചത്. നിർധനകുടുംബാംഗമായിരുന്ന രാംനേഷിന്റെ സ്വന്തമായൊരു വീടെന്ന സ്വപ്നം കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തിൽ നിറവേറ്റുകയായിരുന്നു.
വിവിധ സിഡിഎസുകളിൽനിന്നായി 52,68,924 രൂപയും ജില്ലാ മിഷൻ സ്റ്റാഫ്, സപ്പോർട്ടിംഗ് ടീം അംഗങ്ങൾ, മുൻജീവനക്കാർ, അഭ്യുദയകാംക്ഷികൾ എന്നിവരിൽനിന്നായി 2,49,200 രൂപയും സമാഹരിച്ചു. തുടർന്ന് നാലുസെന്റ് സ്ഥലവും 1365 സ്ക്വയർഫീറ്റ് വീടും രാംനേഷിന്റെ അമ്മ മാനസവല്ലിയുടെ പേരിൽ വാങ്ങി, ബാക്കിയുണ്ടായിരുന്ന പണികൾകൂടി നിർവഹിച്ചു വീട് കൈമാറുകയായിരുന്നു.
താക്കോൽ കൈമാറ്റച്ചടങ്ങിൽ ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, അവിണിശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരി സി. നരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം വി.ജി. വനജകുമാരി, തൊടുപുഴ ചെയർപേഴ്സൺ സുഷമ ജോയ് തുടങ്ങിയവരും പങ്കെടുത്തു.