അംഗീകൃത അറവുശാലയിൽ അറക്കാത്ത 4000 കിലോ മാംസം പിടികൂടി
1494498
Sunday, January 12, 2025 12:58 AM IST
ഒല്ലൂർ: അംഗീകൃത അറവുശാലകളിൽ അറക്കാത്ത 4000 കിലോ മാംസം കോർപറേഷൻ ആരോഗ്യവിഭാഗം പിടികൂടി.
ഇന്നലെ പുലർച്ചെയാണ് ആരോഗ്യവിഭാഗം മിന്നൽപരിശോധന നടത്തിയത്. അറവുശാലയിൽ അറക്കാതെ സ്വയം മാർക്കറ്റിൽവച്ച് അറക്കുന്നുവെന്നു നിരവധി പരാതികൾ വന്നുകൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കുരിയച്ചിറ അറവുശാലയിൽ അറക്കാതെ ചിലർ സ്വയം അറവുനടത്തിയ ഒല്ലൂർ മാർക്കറ്റ്, പടവരാട് , വടൂക്കര , പനമുക്ക് എന്നി വിടങ്ങളിലെ ഇറച്ചിവിൽപ്പനക്കടകളിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പിടിച്ചെടുത്ത മാംസം കുരിയച്ചിറയിലെ അറവുശാലയിൽ കുഴിച്ചുമൂടി.
കോർപറേഷൻ വെറ്ററിനറി ഡോക്ടർ വീണ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സ്മിത പരമേശ്വരൻ, ടി.എസ്. വിമ്പിൻ, കെ.ജി. അനുരാഗ് തുടങ്ങിയവർ റെയ്ഡിനു നേതൃത്വം നൽകി.