പാട്ടോർമകളുടെ കടത്തുവള്ളം യാത്രയായി...
1494502
Sunday, January 12, 2025 12:58 AM IST
സ്വന്തം ലേഖകൻ
തൃശൂർ: പ്രിയപ്പെട്ടവരെല്ലാം കരയിൽ തനിച്ചാക്കി, പാട്ടുകൾക്കു ഭാവപൗർണമിയുടെ കിന്നരിതുന്നിയ, ഗായകനെക്കാൾ ഭാവഗായകൻ എന്നു പേരും പെരുമയും നേടിയ പി. ജയചന്ദ്രനോടു തൃശൂർ യാത്ര പറഞ്ഞു... എന്നെന്നേക്കുമായി...
കടത്തുവള്ളം യാത്രയാകുംപോലെ ജയചന്ദ്രന്റെ പാട്ടിറങ്ങിപ്പോയ ശരീരവുംപേറി പൂങ്കുന്നം ചക്കാമുക്കിലെ വീട്ടിൽനിന്നും ആംബുലൻസ് നീങ്ങുന്പോൾ നിറകണ്ണുകളോടെ, വിതുന്പുന്ന ഹൃദയത്തോടെയാണ് തൃശൂരുകാർ തങ്ങളുടെ പ്രിയപ്പെട്ട ജയേട്ടനു യാത്രാമൊഴിയേകിയത്. വ്യാഴാഴ്ച അന്തരിച്ച ജയചന്ദ്രന്റെ ചേതനയറ്റ ശരീരത്തിലേക്കു കഴിഞ്ഞ രണ്ടുദിവസമായി ആയിരക്കണക്കിനു പൂവിതളുകളാണ് അന്ത്യപ്രണാമമായി ആയിരങ്ങൾ തൂകിയത്. എണ്ണമറ്റ പുഷ്പചക്രങ്ങളാണ് വീട്ടിലും പിന്നീട് സംഗീതനാടക അക്കാദമിയിലും ജയചന്ദ്രനായി അർപ്പിക്കപ്പെട്ടത്. ഇരിങ്ങാലക്കുടയിലെത്തിച്ച ആംബുലൻസിലെ ചില്ലുകൂടിനുള്ളിൽ നിത്യനിദ്രയിൽ ആണ്ടുകിടക്കുന്ന ഗാനചന്ദ്രനുമേൽ ഏറെപ്പേർ പുഷ്പങ്ങളർപ്പിച്ചു.
ഗാർഡ് ഓഫ് ഓണർ നൽകിശേഷമാണ് മൃതദേഹം തൃശൂരിൽനിന്നു സംസ്കാരത്തിനായി കൊണ്ടുപോയത്.
മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, പി. ബാലചന്ദ്രൻ എംഎൽഎ, മുൻമന്ത്രി കെ.പി. രാജേന്ദ്രൻ, കവി രാവുണ്ണി എന്നിവരും നാട്ടുകാരും ആരാധകരും ജയചന്ദ്രന്റെ തൃശൂരിൽനിന്നുള്ള അന്ത്യയാത്രയ്ക്കു മൂകസാക്ഷികളായി.