പീച്ചി ഡാം മരണക്കെണി
1494776
Monday, January 13, 2025 1:32 AM IST
പീച്ചി: ഡാം റിസർവോയറിൽ അപകടങ്ങൾ തുടർക്കഥയായിട്ടും നടപടിയെടുക്കാതെ അധികൃതർ. ഡാം സന്ദർശിക്കാൻ എത്തുന്ന വിനോദസഞ്ചാരികളും റിസർവോയറിലെ അപകടസാധ്യതയെക്കുറിച്ച് അറിവില്ലാത്തവരുമാണ് അപകടത്തിൽപ്പെടുന്നതും ജീവൻ നഷ്ടപ്പെടുന്നതും.
ജലോപരിതലം ശാന്തമായി കാണപ്പെടുമെങ്കിലും ആഴവും ചുഴിയും തിട്ടപ്പെടുത്താൻ കഴിയാതെ ഇറങ്ങുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. 2022 സെപ്റ്റംബറിൽ മൂന്നു യുവാക്കളാണ് പീച്ചി റിസർവോയറിലെ ആനവാരിയിൽ വഞ്ചി മറിഞ്ഞു മരിച്ചത്.
വാണിയന്പാറ കൊള്ളിക്കാട് സ്വദേശികളായ കൊട്ടിശേരിക്കുടിയിൽ വിപിൻ (26), പ്രധാനി വീട്ടിൽ സിറാജ് (29), തെക്കേപ്പുരക്കൽ അജിത്ത് (21) എന്നിവരാണ് മുങ്ങിമരിച്ചത്. 13 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണു മൃതദേഹങ്ങൾ കിട്ടിയത്.
2022 മേയ് ഒന്പതിനു കെഎഫ്ആർഐയിൽ ഗവേഷണത്തിന് എത്തിയ മഹാരാജാസ് കോളജ് വിദ്യാർഥി മുഹമ്മദ് യഹിയ മുങ്ങിമരിച്ചു. ഇതേവർഷം വാണിയംപാറ സ്വദേശിയായ കുര്യാക്കോസ് മരിച്ചതും സമാനനിലയിലാണ്.
ക്രിസ്മസ് ദിനത്തിൽ ഉച്ചയോടെ വെള്ളത്തിലിറങ്ങിയ കുര്യാക്കോസ് മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. അപകടങ്ങൾ തുടർക്കഥയായിട്ടും മരണങ്ങൾ സംഭവിച്ചിട്ടും വേണ്ട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനോ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്താനോ അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് നിരവധിപേർ റിസർവോയറിൽ എത്തുന്നതായും പരാതിയുണ്ട്.
ഇതിനെതിരെ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.