വിയ്യൂരിൽ ജ്വല്ലറിയിൽ മോഷണം
1494775
Monday, January 13, 2025 1:32 AM IST
വിയ്യൂർ: ജ്വല്ലറിയുടെ ഷട്ടർ തകർത്ത് ഒന്പതു കിലോ വെള്ളി ആഭരണങ്ങൾ കവർന്നു. സ്വർണം സൂക്ഷിച്ച ലോക്കറിന്റെ പൂട്ടു പൊളിക്കാൻ കഴിയാതെ മോഷ്ടാവ് ശ്രമം ഉപേക്ഷിച്ചു. വിയ്യൂർ മണലാറുകാവ് ക്ഷേത്രത്തിനടുത്തുള്ള ഡികെ ജ്വല്ലറിയിലാണു മോഷണം.
ഇന്നലെ രാത്രിയിലാണു സംഭവം. മുന്പിലെ ഷട്ടറിന്റെ പൂട്ടുപൊളിച്ചാണു മോഷ്ടാക്കൾ അകത്തുകടന്നത്. എട്ടുലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണു മോഷഷണം നടത്തിയത്. ഇവരുടെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞു. ഇവരെക്കുറിച്ചുള്ള സൂചനകളും പോലീസിനു ലഭിച്ചെന്നാണു വിവരം.
നാലു സുഹൃത്തുക്കൾ പങ്കാളികളായ ജ്വല്ലറിയിലെ വിലകൂടിയ വെള്ളി ആഭരണങ്ങളാണു കൂടുതൽ നഷ്ടപ്പെട്ടത്. സ്വർണം പ്രത്യേകം നിർമിച്ച ലോക്കറിലാണു സൂക്ഷിച്ചത്.
അതു തകർക്കാൻ കഴിയാത്തതിനാൽ വൻ നഷ്ടം ഒഴിവായെന്നു പോലീസ് പറഞ്ഞു. ഒല്ലൂർ പോലീസ് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ വിയ്യൂർ പോലീസ് സ്ഥലത്തെത്തി വിദഗ്ധ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. ജ്വല്ലറിയിൽ സിസിടിവികൾ ഇല്ലാത്തത് അന്വേഷണത്തെ ബാധിച്ചു. പ്രദേശത്തെ മറ്റു കാമറകളിൽനിന്നുള്ള ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.