ടോറസ് ഇടിച്ച് റെയില്‍വേ വൈദ്യുതി ലൈന്‍ പൊട്ടിവീണു; ട്രെയിനുകള്‍ പിടിച്ചിട്ടു
1494006
Friday, January 10, 2025 1:35 AM IST
നന്തിക്കര: റെയില്‍വേഗേറ്റില്‍ ടോറസ് ഇടിച്ച് റെയില്‍വേ വൈദ്യുതി ലൈന്‍ പൊട്ടിവീണു. ഒഴിവായത് വന്‍ ദുരന്തം.
25000 കിലോവാട്ട് ശേഷിയുള്ള ഒഎച്ച്ഇ ലൈന്‍ കമ്പിയാണ് പൊട്ടിവീണത്. വ്യാഴാഴ്ച രാവിലെ 11.35 നാണ് അപകടം. നെടുമ്പാളില്നിന്ന് ടാര്‍ മിക്സിംഗ് കൊണ്ടുവന്ന ലോറി ഗേറ്റ് അടക്കുന്നതിനിടെ കടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ലോറി ഇടിച്ചുതകര്‍ന്ന ഗേറ്റ് വൈദ്യുതി ലൈനില്‍ തട്ടി കമ്പി പൊട്ടിവീഴുകയായിരുന്നു. വേണാട് എക്സ്പ്രസ് കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് അപകടം സംഭവിച്ചത്. വൈദ്യുതി കമ്പി പൊട്ടിവീണതോടെ അവിടെ ഉണ്ടായിരുന്നവരെല്ലാം പരിഭ്രാന്തരായി ഓടിമാറി.
ഈ സമയത്ത് പൊട്ടിവീണ കമ്പിയില്‍ വൈദ്യുതിപ്രവാഹമുണ്ടായിരുന്നു. ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ റെയില്‍വേ ഉദ്യോഗസ്ഥര്‍ എത്തിയാണ് പുറത്തിറക്കിയത്. ഗേറ്റ് അടക്കാന്‍ നേരത്ത് വേഗത്തില്‍ കടക്കാന്‍ ശ്രമിച്ച ലോറി തടയാന്‍ നോക്കിയിട്ടും നിര്ത്താതെപോയതാണ് അപകടത്തിന് കാരണമെന്ന് ഗേറ്റ്മാന് പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.
എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വേഗത കുറച്ച് കടത്തിവിട്ടു. പരശുറാം എക്സ്പ്രസ് ചാലക്കുടിയിലും കോര്‍ബ എക്സ്പ്രസ് നെല്ലായിയിലും ശബരി എക്സ്പ്രസ് ചാലക്കുടി ഡിവൈന്‍നഗര്‍ സ്റ്റേഷനിലും പിടിച്ചു.
റെയില്‍വേ എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വൈദ്യുതി ലൈന്‍ തകരാറ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. രണ്ടുമണിക്കൂറിന് ശേഷം ട്രെയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയിലാക്കി.