നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന മോക്കോ കഫേയ്ക്ക് 25,000 രൂപ പിഴ
1494509
Sunday, January 12, 2025 12:58 AM IST
ഇരിങ്ങാലക്കുട: ജലാശയമായ പൊറത്തൂച്ചിറയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നടപടികള്‍ തുടരുന്നു. പൊതു കാനയിലേക്ക് മലിനജലം ഒഴുക്കി വിട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്ക് എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന മോക്കോ കഫേ എന്ന കോഫി ഷോപ്പിന് നഗരസഭ ആരോഗ്യ വിഭാഗം 25000 രൂപ പിഴ ചുമത്തി. സ്ഥാപന ഉടമ മതിലകം പുഴങ്കര ഇല്ലത്ത് അബ്ദുള്ജബാറിന് ഇത് സംബന്ധിച്ച നോട്ടീസ് നല്കി.
പൊറത്തൂച്ചിറയെ മലിനമാക്കിയ വിഷയവുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളുടെ മലിനജല സംസ്കരണ സംവിധാനങ്ങള്‍ ആരോഗ്യ വിഭാഗം പരിശോധിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മോക്കോ കഫേയുടെ നിയമ ലംഘനം കണ്ടെത്തിയത്.
നേരത്തെ താത്ക്കാലിക ലൈസന്‍സ് ഉണ്ടായിരുന്നുവെങ്കിലും നിലവില്‍ ലൈസന്‍സ് ഇല്ലാതെയാണ് നഗരഹൃദയത്തില്‍ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ നഗരസഭ അധികൃതര്‍ അടപ്പിച്ച സ്ഥാപനം രണ്ട് ദിവസത്തിനുള്ളില്‍ തന്നെ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത്ത് സൂപ്രവൈസര്‍ എസ് ബേബിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധന സംഘത്തില്‍ ഉദ്യോഗസ്ഥരായ അനൂപ് കുമാര്‍, എന്‍.എച്ച്. നജ്മ എന്നിവരും ഉണ്ടായിരുന്നു.