തിരുസ്വരൂപം എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രം
1494504
Sunday, January 12, 2025 12:58 AM IST
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ചുള്ള തിരുസ്വരൂപം എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി.
കത്തീഡ്രലില്‍ വൈകീട്ട് അഞ്ചിനു നടന്ന രൂപം എഴുന്നള്ളിച്ചുവയ്ക്കൽ കർമത്തിൽ ആയിരങ്ങള്‍ പങ്കുകൊണ്ടു. രൂപം എഴുന്നള്ളിപ്പ്, നേര്ച്ചവെഞ്ചരിപ്പ് എന്നീ തിരുക്കര്‍മങ്ങള്‍ക്കു കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ദിവ്യബലിക്കുശേഷമാണ് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പ്രദക്ഷിണമായി പള്ളിചുറ്റി നേര്ച്ചപ്പന്തലില് പ്രതിഷ്ഠിച്ചത്.
ഇന്നലെ രാവിലെ ദിവ്യബലിക്കുശേഷം വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ് നടന്നു. വീടുകളുടെ മുന്‍വശം അലങ്കരിച്ച പിണ്ടികള്‍, കൊടിതോരണങ്ങള്‍ എന്നിവകൊണ്ട് വര്‍ണാഭമാക്കിയിട്ടുണ്ട്. പിണ്ടികളില് മണ്‍ചെരാതുകള്‍ തെളിയിച്ചും ദീപാലങ്കാരങ്ങള്‍ ഒരുക്കിയും പടക്കം പൊട്ടിച്ചും ഭക്തിയുടെ നിറവിലാണ് വിശുദ്ധന്റെ അന്പ് ഭക്തര്‍ വീടുകളിലേക്ക് ആനയിച്ചത്.
കത്തീഡ്രലില്‍ ഇന്ന്
10.30ന് ആഘോഷമായ തിരുനാള്ദിവ്യബലി, കാര്മികന്: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. 2.30 നു ദിവ്യബലി. 3.30 ന് തിരുനാള്‍പ്രദക്ഷിണം, ഏഴിനു പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.