യാത്രക്കാർ പറഞ്ഞു, മന്ത്രിയും: കടക്ക് പുറത്ത്... എന്നിട്ടും...
1494773
Monday, January 13, 2025 1:32 AM IST
സി.ജി. ജിജാസൽ
തൃശൂർ: ആദ്യം യാത്രക്കാർ പറഞ്ഞു, പിന്നെ മന്ത്രിയും - കടക്ക് പുറത്ത്. എന്നിട്ടും ശാപമോക്ഷം ലഭിക്കാതെ ഈ മൂവർസംഘം. തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ വഴിമുടക്കികളായി കിടക്കുന്ന മിൽമ ബൂത്തും ബസ്റ്റോറന്റും സ്റ്റാഫ് സ്ലീപ്പറും യാത്രക്കാർക്കും ജീവനക്കാർക്കും തലവേദനയാണ്.
2021 ജൂണ് ഒൻപതിനാണ് ഒരേസമയം എട്ടുപേർക്ക് ഇരുന്നുകഴിക്കാൻ കഴിയുന്ന, മിൽമയുടെ എല്ലാവിധ ഉത്പന്നങ്ങളും ലഭ്യമാകുന്ന കെഎസ്ആർടിസി മിൽമ ബൂത്ത് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ഉദ്ഘാടനത്തിന്റെ ആദ്യനാളുകളിലുണ്ടായ കച്ചവടം പതിയെ കുറഞ്ഞു. സാമൂഹ്യവിരുദ്ധരുടെ ശല്യവും വർധിച്ചു.
ഇതോടെ അധികം ആയുസില്ലാതെ കട്ടപ്പുറത്തേറിയ ഇവയെ പ്രവർത്തനക്ഷമമാക്കാനോ നീക്കംചെയ്യാനോ പിന്നീട് അധികാരികൾ തയാറായില്ല. പരാതികളും പരിഭവങ്ങളും ഏറ്റുവാങ്ങി മിൽമ ബൂത്ത് എന്നന്നേക്കുമായി അടച്ചുപൂട്ടി.
നേരത്തേ സ്റ്റാൻഡിലെ ഒരുഭാഗം പെട്രോൾ പന്പിനായി നൽകുകയും പ്രവേശനകവാടങ്ങളിൽ ഒരെണ്ണം അടച്ചുപൂട്ടേണ്ടിവരികയും ചെയ്തതോടെ സ്ഥലമില്ലായ്മ പ്രശ്നമായി മാറിയ സ്റ്റാൻഡിലാണ് പടിഞ്ഞാറേഭാഗത്തെ കവാടത്തിനരികിൽ വഴിമുടക്കിയായി മിൽമ ബൂത്ത് നിൽക്കുന്നത്.
ജീവനക്കാരുടെ വിശ്രമത്തിനായി നീണ്ടുനിവർന്നു കിടക്കാവുന്ന വിധം സീറ്റുകളോടെയുള്ള സ്റ്റാഫ് സ്ലീപ്പർ എന്ന പേരിൽ രൂപംമാറ്റിയ ബസും, എടപ്പാൾ ഡിപ്പോയിൽനിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ബസ്റ്റോറന്റ് എന്ന ലഘുഭക്ഷണശാലയായ ബസും ട്രാക്കിനോടുചേർന്ന് സ്ഥലം കൈയേറി അനാഥമായി കിടക്കുന്നതും യാത്രക്കാരെയും ബസ് ജീവനക്കാരെയും കുറച്ചൊന്നുമല്ല ദുരിതത്തിലാക്കുന്നത്.
സ്റ്റാൻഡ് സന്ദർശിച്ച മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇവ മാറ്റണമെന്ന് കർശനനിർദേശം നൽകിയിരുന്നെങ്കിലും അതും ഫലംകണ്ടില്ല.
ഉപയോഗശൂന്യമായ കെഎസ്ആർടിസി ബസുകൾവഴി വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇവ മൂന്നും കെഎസ്ആർടിസിയെ രക്ഷിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും സ്റ്റാൻഡിലെ ദുരിതം ഇരട്ടിയാക്കിയാണ് ഇവ ഇവിടെ ശാപമോക്ഷംതേടി കിടക്കുന്നത്.